ജോ.ആർ.ടി.ഒ സ്ഥലം മാറിപോയിട്ട് മാസങ്ങൾ; ഇരിട്ടി സബ് ആർ.ടി.ഓഫീസിൽ പ്രതിസന്ധി
ഇരിട്ടി: ജോ.ആർ.ടി.ഒ ഇല്ലാത്തതിനാൽ മൂന്ന് മാസത്തോളമായി ഇരിട്ടി സബ് ആർ.ടി.ഓഫീസിൽ ആർ.സി സംബന്ധമായ പ്രവൃത്തികൾ അനിശ്ചിതത്വത്തിൽ. പുതിയ ആർ.സി, ആർ.സി.റിന്യൂവൽ , ട്രാൻസ്ഫർ, ലോൺ കാൻസലേഷൻ തുടങ്ങിയവ മാസങ്ങളായി മുടങ്ങിയിട്ടും അധികൃതർ മൗനത്തിലാണ്. സ്ഥലം മാറിപ്പോയ ജോ.ആർ.ടി.ഒക്ക് പകരം ആളെ നിയമിക്കാൻ ബന്ധപ്പെട്ട വകുപ്പ് നടപടി സ്വീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ജോ.ആർ.ടി.ഒ ഇല്ലാത്തതിനാൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഇത്തരം ജോലികൾ കൂടി ഇടക്ക് ചെയ്തിരുന്നു. എന്നാൽ, എംവിഐ അധിക ജോലി നിർത്തിയതോടെ വിവിധ ആവശ്യങ്ങൾക്ക് ഓഫീസിലെത്തുന്ന വാഹന ഉടമകൾ ബുദ്ധിമുട്ടിലാവുകയാണ്. ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കാൻ ഗതാഗത വകുപ്പധികൃതർ തയ്യാറാവണമെന്നാണ് ആവശ്യം.
