3100 കോടിയുടെ ഹൈറിച്ച് തട്ടിപ്പ് : നിക്ഷേപകർക്ക് പണം കിട്ടാൻ സാധ്യത തെളിയുന്നു
തൃശൂർ: കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പായ ‘ഹൈറിച്ചി’ൽ പണം നഷ്ടമായവർക്ക് തിരികെ ലഭിക്കാൻ സാധ്യത തെളിയുന്നു. ഇതിൻ്റെ ഭാഗമായി തട്ടിപ്പിനിരയായവർ അപേക്ഷ നൽകണമെന്ന് തൃശൂർ ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശിച്ചു. നിക്ഷേപം തിരികെ ലഭിക്കാത്തത് സംബന്ധിച്ച് പരാതിയുള്ളവർ 14 ദിവസത്തിനകം ക്ലെയിം അപേക്ഷകൾ സമർപ്പിക്കണം. നിർദിഷ്ട ഫോമിൽ തങ്ങളുടെ ക്ലെയിം അപേക്ഷകളും അനുബന്ധ രേഖകളും സഹിതം നോഡൽ ഓഫിസറായ ഡെപ്യൂട്ടി കലക്ടർ (ജനറൽ) മുമ്പാകെ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കാനാണ് നിർദേശം. ഇതുസംബന്ധിച്ചവിവരങ്ങൾക്ക് 0487 2239530 എന്ന നമ്പറിൽ ബന്ധപ്പെടാം. 1.63 ലക്ഷം പേരിൽനിന്ന് 3100 കോടിയിലധികം രൂപയാണ് ഹൈറിച്ച് സ്ഥാപനങ്ങളിലൂടെ തട്ടിപ്പ് നടത്തിയതെന്നാണ് പുറത്തുവന്നത്. പൊലീസും ഇ.ഡിയും ജി.എസ്.ടിയും അടക്കം അന്വേഷണം നടത്തിയ സംഭവത്തിൽ ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകൻ കെ.ഡി. പ്രതാപൻ, ഭാര്യയും സഹസ്ഥാപകയുമായ ശ്രീന പ്രതാപൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതാപൻ ഇപ്പോഴും ജയിലിലാണ്. ശ്രീന പ്രതാപന് ജാമ്യം ലഭിച്ചിരുന്നു. മൾട്ടിലെവൽ മാർക്കറ്റിങ്, ക്രിപ്റ്റോ കറൻസി, ഒ.ടി.ടി പ്ലാറ്റ്ഫോം തുടങ്ങി വിവിധ പദ്ധതികളിലൂടെയാണ് പണം തട്ടിയത്. 10,000 രൂപ വീതം 1.63 ലക്ഷം പേരിൽനിന്ന് സമാഹരിച്ചിരുന്നു. ഇതോടൊപ്പം ഒ.ടി.ടിയുടെയും മറ്റും പേരിലും നിക്ഷേപങ്ങൾ സ്വീകരിച്ചു.വൻതട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെയും നടത്തിപ്പുകാരുടെയും സ്വത്ത് കണ്ടുകെട്ടാൻ തൃശൂർ മൂന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി ഉത്തരവിടുകയും പ്രതാപൻ, ഭാര്യ ശ്രീന എന്നിവരുടെ പേരിലുള്ള ഭൂസ്വത്തും 66 ബാങ്ക് അക്കൗണ്ടുകളും 11 വാഹനങ്ങളും കണ്ടുകെട്ടിയിരുന്നു. ഇതിൽ 200 കോടിയിലധികം രൂപ ട്രഷറിയിലേക്ക് മാറ്റാൻ മാസങ്ങൾ മുമ്പ് ഹൈക്കോടതി ഉത്തരവിടുകയും ചെയ്‌തിരുന്നു.
