വനിതാ ഉപഭോക്താക്കൾക്ക് പത്ത് ശതമാനം വിലക്കുറവ്; ഓഫറുമായി സപ്ലൈകോ
തിരുവനന്തപുരം: വനിതാ ഉപഭോക്താക്കൾക്ക് 10% വിലക്കുറവിൽ സാധനങ്ങൾ നൽകാൻ സപ്ലൈകോ. സബ്സിഡി ഇതര സാധനങ്ങളുടെ വിലക്കുറവ് നവംബർ 1 മുതൽ നിലവിൽ വരുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സപ്ലൈകോ നിലവിൽ സാധനങ്ങൾക്ക് നൽകുന്ന വിലക്കുറവിന് പുറമെയാണ് വനിതാ ഉപഭോക്താക്കൾക്കുള്ള ഈ ഓഫറുകൾ. വിവിധ ഓഫറുകളും പദ്ധതികളും നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രി പറഞ്ഞു. 250 കോടി രൂപ പ്രതിമാസ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പുതിയ ആറ് പെട്രോൾ പമ്പുകൾ ആരംഭിക്കും. സപ്ലൈകോയിൽ വരുന്ന ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡ് ഏർപ്പെടുത്തും. ഇതിലൂടെ കൂടുതൽ ഓഫറുകളും സബ്സിഡികളും ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ കൊണ്ടുവരും എന്നിങ്ങനെയുള്ള പദ്ധതികളാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
