ഇൻഫോപാർക്ക് നാലാംഘട്ടം യാഥാർഥ്യമാകുന്നു; കേരളത്തെ മാറ്റാനുള്ള നടപടിയെന്ന് മുഖ്യമന്ത്രി

Share our post

തിരുവനന്തപുരം: ഇൻഫോപാർക്ക് വികസനത്തിന്റെ നാലാംഘട്ടത്തിനായി വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ ട്രാക്കോ കേബിളിന്റെ ഇരുമ്പനത്തെ 33.5 ഏക്കർ ഭൂമി 200 കോടി രൂപയ്ക്ക് കെമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നവീകരണം, സാങ്കേതികവിദ്യ, ഡിജിറ്റൽ സംരംഭകത്വം എന്നിവയുടെ മുൻനിര കേന്ദ്രമായി കേരളത്തെ മാറ്റാനുള്ള നടപടികളുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടു പോവുകയാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

കൊച്ചി ഇൻഫോപാർക്കിന്റെ നാലാം ഘട്ട വികസനത്തിനായി ഇരുമ്പനത്തുള്ള ട്രാക്കോ കേബിൾ കമ്പനിയുടെ 33.5 ഏക്കർ ഭൂമി 200 കോടി രൂപയ്ക്ക് ഇൻഫോപാർക്കിന് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. നിലവിലെ ഇൻഫോപാർക്ക് കാമ്പസിനോടു ചേർന്നുള്ള ഈ തന്ത്രപ്രധാനമായ സ്ഥലത്തിന് കാക്കനാട് വാട്ടർ മെട്രോ, കൊച്ചി മെട്രോ, സീ പോർട്ട്‌- എയർപോർട്ട് നാലുവരിപ്പാത തുടങ്ങിയ നിലവിലുള്ള ഐ.ടി. അടിസ്ഥാന സൗകര്യങ്ങളുടെയെല്ലാം ആനുകൂല്യം ലഭ്യമാണ് എന്നതാണ് സവിശേഷത. അത്യാധുനിക ഐടി സമുച്ചയങ്ങൾ, ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ ഉൾപ്പെടുന്ന മിശ്രിത ടൗൺഷിപ്പ് മാതൃകയിലാണ് ഇവിടെ വികസനം വിഭാവനം ചെയ്തിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഈ ഐടി ടൗൺഷിപ്പ് കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമെന്ന നിലയിൽ കൊച്ചിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കും.

ഇൻഫോപാർക്കിന്റെ ഈ നാലാം ഘട്ട വികസനത്തിലൂടെ കേരളത്തിന്റെ ഐ.ടി. മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. 50 ലക്ഷം ചതുരശ്ര അടി പുതിയ ഐടി ഇടം കൂട്ടിച്ചേർക്കാനും 50,000 നേരിട്ടുള്ള ഐടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അതോടൊപ്പം 3000 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപം ആകർഷിക്കാനും ഇതുവഴി സാധിക്കുമെന്നാണ് കണക്കാക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഹബ്ബ്, ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ, അടുത്ത തലമുറ ഐടി കാമ്പസുകൾ എന്നിവയുടെ കേന്ദ്രമായി കൊച്ചിയെ മാറ്റാനുള്ള സംസ്‌ഥാന സർക്കാർ ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ തീരുമാനം. നവീകരണം, സാങ്കേതികവിദ്യ, ഡിജിറ്റൽ സംരംഭകത്വം എന്നിവയുടെ മുൻനിര കേന്ദ്രമായി കേരളത്തെ മാറ്റാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് എൽഡിഎഫ് സർക്കാർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!