ആനപ്പന്തി ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്
കണ്ണൂർ: സി.പി.എം നിയന്ത്രണത്തിലുള്ള ആനപ്പന്തി സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. വ്യക്തികള്‍ ബാങ്കില്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം മുക്കുപണ്ടം വെച്ച് 60 ലക്ഷത്തോളം രൂപ ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിലെ കാഷ്യർ സുധീർ തോമസ്, സഹായി സുനീഷ് തോമസ് എന്നിവർ തട്ടിയെടുത്തുവെന്നാണ് കേസ്. കഴിഞ്ഞ മേയിൽ ഇരിട്ടി പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. ഈ കേസാണ് നിലവില്‍ ക്രൈംബ്രാഞ്ചിന് കൈമാറിയത്. വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തി ബാബുവിനാണ് അന്വേഷണ ചുമതല. പ്രതികളെ കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘം ചോദ്യംചെയ്യും. കേസില്‍ സംശയ നിഴലിലുള്ളവരെയും ചോദ്യംചെയ്യാനാണ് ഉദ്ദേശിക്കുന്നത്. തട്ടിപ്പില്‍ ബാങ്കുമായി ബന്ധപ്പെട്ട മറ്റ് ചിലര്‍ക്കും ബന്ധമുണ്ടെന്നാണ് സൂചന.
