മലയാളികൾക്ക് രാമേശ്വരത്തേക്ക് ഇനി എളുപ്പത്തിലെത്താം; അമൃത എക്‌സ്പ്രസ് ഇന്ന് മുതൽ രാമേശ്വരത്തേക്ക്
രാമേശ്വരം: ക്ഷേത്രനഗരമായ രാമേശ്വരത്തേക്ക് കേരളത്തിൽ നിന്ന് ഒട്ടേറെ ആളുകളാണ് യാത്ര ചെയ്യാറുള്ളത്. രാമേശ്വരത്തിറങ്ങി ധനുഷ്കോടിയിലേക്ക് പോകുന്നവരും നിരവധിയാണ്. ഇത്തരത്തിൽ ഒട്ടനവധി ആളുകളുടെ ഒരു ബക്കറ്റ് ലിസ്റ്റ് ലൊക്കേഷൻ തന്നെയായിയിരിക്കും രാമേശ്വരം. നേരിട്ടുള്ള ട്രെയിനിന്റെ അഭാവം മൂലം മധുരൈയിൽ ഇറങ്ങി, അവിടെനിന്ന് രാമേശ്വരത്തേക്ക് പോകുകയാണ് മലയാളികൾ ചെയ്തുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ കേരളത്തിൽനിന്ന് നേരിട്ട് രാമേശ്വരത്തേക്ക് ഒരു ട്രെയിൻ വരികയാണ്. തിരുവനന്തപുരം – മധുരൈ അമൃത എക്സ്പ്രസ്സ് രാമേശ്വരത്തേക്ക് നീട്ടിക്കൊണ്ട് ഔദ്യോഗിക ഉത്തരവ് എത്തിക്കഴിഞ്ഞു. ഇന്ന് മുതൽക്കാണ് ട്രെയിൻ രാമേശ്വരത്തേക്കുള്ള സർവീസ് ആരംഭിക്കുക. നീണ്ടകാലത്തെ ആവശ്യമായിരുന്നു കേരളത്തിൽനിന്ന് രാമേശ്വരത്തേക്ക് നേരിട്ടുള്ള ട്രെയിൻ. നേരത്തെതന്നെ അമൃത എക്സ്പ്രസ്സ് രാമേശ്വരത്തേക്ക് നീട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ പാമ്പൻ പാലത്തിന്റെ ജോലികൾ പൂർത്തിയാകാത്തതിനാൽ സർവീസ് ആരംഭിച്ചിരുന്നില്ല. പുതിയ പാമ്പൻ പാലം ഇപ്പോൾ തുറന്നുനൽകിയതോടെയാണ് അമൃത രാമേശ്വരത്തേക്ക് നീട്ടാൻ തീരുമാനമായത്.മധുരൈക്കിടയിൽ മാനാമധുര, പരമക്കുടി, രാമനാഥപുരം എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പ് ഉള്ളത്. രാത്രി 8.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന അമൃത എക്സ്പ്രസ്സ് പുലർച്ചെ 3.30ന് പാലക്കാട് എത്തും. തുടർന്ന് രാവിലെ 9.50ന് മധുരൈയിൽ എത്തുന്ന വണ്ടി ഉച്ചയ്ക്ക് 12.45ന് രാമേശ്വരത്തെത്തും.
