വിശപ്പില്ലായ്മ മാത്രമല്ല, കരൾ കാൻസറിൽ അറിയാതെ പോകുന്ന ലക്ഷണങ്ങൾ നിരവധി
തിരുവനന്തപുരം:പൊതുവെ കരൾരോഗം ആദ്യഘട്ടത്തിൽ തിരിച്ചറിയുക വെല്ലുവിളിയാണ്. നിശബ്ദ കൊലയാളി എന്നാണ് കരൾ രോഗത്തെ പൊതുവെ വിശേഷിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് മരണകാരണമായ രോഗങ്ങളില്‍ പത്താം സ്ഥാനത്താണ് കരള്‍രോഗം. നമ്മുടെ ശരീരത്തിൽ പതിയെ വികസിച്ച് തുടങ്ങുന്ന കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ പോലും പലരും തിരിച്ചറിയാതെ പോകുന്നതും ഇതുകൊണ്ടാണ്. പക്ഷേ വിശപ്പില്ലായ്മ ഉണ്ടെങ്കിൽ ശ്രദ്ധിക്കണമെന്ന പൊതു മുന്നറിയിപ്പ് മാത്രമാണ് വിദഗ്ധരിൽ നിന്നും ലഭിക്കുന്നത്. എന്നാൽ അതു മാത്രമല്ല വേറെയും ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ടെന്ന് പുതിയ പഠനങ്ങൾ കാണിക്കുന്നു.കരളിനെ ബാധിക്കുന്ന ഏറ്റവും സാധാരണമായ അൾബുദങ്ങളിൽ ഒന്നാണ് ‘ഹെപ്പറ്റോസെല്ലുലാർ കാർസിനോമ’. കരളിന്റെ പ്രധാന കോശങ്ങളിൽ നിന്നാണിത് ആരംഭിക്കുക.
കരളിൽ മുന്നേയുള്ള രോഗാവസ്ഥകൾ ഹെപ്പറ്റോസെല്ലുലാർ കാർസിനോമയുടെ അപകടസാധ്യത വർധിപ്പിക്കുന്നതാണ്. കരളിനെ ഗുരുതരമായി ബാധിക്കുന്ന മറ്റൊരു രോഗമാണ് ‘ലിവർ സിറോസിസ്’ അഥവാ കരൾ വീക്കം. ഇവ ശരീരത്തെ ബാധിക്കുക പത്തോ മുപ്പതോ വർഷമെടുത്താണ്. കരളിന്റെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുന്ന ഗുരുതര രോഗാവസ്ഥയാണിത്. ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങൾ പലതാണെങ്കിലും ജീവിതശൈലിയാണ് പ്രധാന കാരണം.അനാരോഗ്യ ശീലങ്ങളായ മദ്യപാനം കരളിലെ കോശങ്ങളെ നശിപ്പിക്കുകയും സിറോസിസിന് കാരണമാവുകയും ചെയ്യും. പിന്നെയുള്ള കാരണങ്ങളിൽ ഒന്നാണ് ഫാറ്റി ലിവർ. കരളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കാരണമുണ്ടാകുന്ന അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്കും കരൾ സംബന്ധമായ അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്. എന്നാൽ കരൾ രോഗങ്ങളിലെ പ്രാരംഭ ലക്ഷണങ്ങൾ നേരത്തെ തന്നെ കണ്ടുപിടിക്കാൻ സാധിച്ചാൽ അതിജീവന നിരക്ക് വർധിപ്പിക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ശാസ്ത്രക്രിയ, കരൾ മാറ്റിവെക്കൽ, തുടങ്ങിയ ചികിത്സകൾ നടത്തണമെങ്കിൽ സമയബന്ധിതമായി രോഗം നിർണയിക്കാൻ സാധിക്കണം.
പ്രാരംഭ ലക്ഷണങ്ങൾ
വയറുവേദന: കരൾ കാൻസറിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നായിരിക്കാം വയറുവേദന. മഞ്ഞപ്പിത്തം അല്ലെങ്കിൽ ശരീരഭാരം കുറയൽ പോലുള്ള വ്യക്തമായ ലക്ഷണങ്ങൾക്ക് മുമ്പായി ഇവ പ്രത്യക്ഷപ്പെടും. വയറുവേദന റിപ്പോർട്ട് ചെയ്ത മിക്ക രോഗികളിലും ഹെപ്പറ്റോസെല്ലുലാർ കാർസിനോമ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വയറിന്റെ വലതുഭാഗത്ത് അനുഭവപ്പെടുന്ന അസ്വസ്ഥത പലപ്പോഴും അവഗണിക്കപ്പെടുന്നതാണ്.ഇടവിട്ടുണ്ടാകുന്ന പനി: പൊതുവെ പനി അനുഭവപ്പെടുക ശരീരത്തിലുണ്ടാകുന്ന അണുബാധ കാരണമാണ്. അത്തരത്തിലുള്ള പനി ഇടവിട്ട സമയങ്ങളിൽ ഉണ്ടാവുകയാണെങ്കിൽ ശ്രദ്ധിക്കണം. ഇവ കഠിനമായ പനി ആയിരിക്കണമെന്നില്ല. നേരിയ ചൂടുള്ളതുമാവാം. കരളിന്റെ മാരകമായ അവസ്ഥയുടെ പ്രാരംഭ ഘട്ടത്തിലുണ്ടാകുന്ന ലക്ഷണങ്ങളാകാം ഇത്തരത്തിലുള്ള പനിക്ക് കാരണമെന്ന് കാൻസർ റിസർച്ച് യു.കെ അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരം ഘട്ടങ്ങളിൽ അടിയന്തിരമായി പരിശോധനകൾ നടത്തണം. ആദ്യകാല രക്തപരിശോധനകൾ, കരൾ പ്രവർത്തന വിലയിരുത്തലുകൾ, ഇമേജിങ് പഠനങ്ങൾ എന്നിവ രോഗനിർണയത്തിന് സഹായിക്കുന്നതാണ്.
മൂത്രത്തിലോ മലത്തിലോ ഉള്ള മാറ്റങ്ങൾ: ഹെപ്പറ്റോസെല്ലുലാർ കാർസിനോമയുടെ പ്രാരംഭ ലക്ഷണങ്ങളിൽ മലത്തിന്റെ നിറത്തിലുള്ള മാറ്റങ്ങളും മൂത്രത്തിന്റെ ഇരുണ്ട നിറവും പ്രകടമാകുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ ഗ്യാസ്ട്രോഎൻട്രോളജി പഠനം പറയുന്നു. വ്യക്തമായ ലക്ഷണങ്ങൾക്ക് മുമ്പായി പ്രത്യക്ഷപ്പെടുന്ന ഈ ലക്ഷണങ്ങൾ കരൾ പ്രവർത്തനരഹിതമാകുന്നതിന്റെ ആദ്യകാല സൂചനയായിരിക്കും. കൂടാതെ, കരളിന് പിത്തരസം സ്രവിക്കാൻ കഴിയാത്തതിന്റെ ഫലമായി വെളുത്തതോ ചോക്ക് പോലുള്ളതോ ആയ മലം ഉണ്ടാകാമെന്ന് മയോ ക്ലിനിക്ക് ചൂണ്ടിക്കാട്ടുന്നു. ഇത് കരൾ കാൻസറുമായി ബന്ധപ്പെട്ടിരിക്കാവുന്ന ഒരു അവസ്ഥയാണ്.
സ്ഥിരമായ ക്ഷീണം: ശരീരത്തിന്റെ മെറ്റബോളിസം, വിഷവിമുക്തമാക്കൽ, ഊർജ്ജ നിയന്ത്രണം എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് കരൾ. കരളിന് കേടുപാടുകൾ സംഭവിക്കുമ്പോഴോ കാൻസർ വികസിക്കാൻ തുടങ്ങുമ്പോഴോ ഊർജ്ജം നിലനിർത്തുന്ന നിരവധി പ്രക്രിയകൾ തടസ്സപ്പെട്ടേക്കാം. ഹെപ്പറ്റോസെല്ലുലാർ കാർസിനോമ രോഗനിർണയം നടത്തിയ രോഗികളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യകാല ലക്ഷണങ്ങളിൽ ഒന്നാണ് ക്ഷീണം. വിശ്രമിച്ചിട്ടും മെച്ചപ്പെടാത്ത ക്ഷീണം കരൾ കാൻസറിനെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ്.
അപകടസാധ്യത ഘടകങ്ങളുടെ ആദ്യകാല കണ്ടെത്തൽ: കരൾ കാൻസറിന്റെ ആദ്യകാല ലക്ഷണങ്ങൾ പലപ്പോഴും സൂക്ഷ്മവും വ്യക്തമല്ലാത്തതും സാവധാനത്തിൽ വികസിക്കുന്നതുമായതിനാൽ എളുപ്പത്തിൽ അവഗണിക്കപ്പെടാൻ സാധ്യതയുള്ളതാണ്. ക്ഷീണം, വയറുവേദന, മൂത്രത്തിലും മലത്തിലുമുള്ള മാറ്റങ്ങൾ തുടങ്ങിയ ആദ്യകാല ലക്ഷണങ്ങൾ കരൾ കാൻസറുമായി ബന്ധപ്പെട്ടതാണോ എന്ന് വൈദ്യ സഹായത്തിലൂടെ തിരിച്ചറിയണം. കാരണം ഇത്തരം ലക്ഷണങ്ങൾ മറ്റ് പല രോഗങ്ങൾക്കും പൊതുവായ കാരണമാണ്. കരൾ കാൻസറോ മറ്റേതെങ്കിലും അവസ്ഥക്കോ ലക്ഷണങ്ങൾ കാരണമാകുന്നുണ്ടോ എന്ന് നിർണയിക്കാൻ മെഡിക്കൽ പ്രൊഫഷണലുകൾ നിർദേശിക്കുന്ന രക്തപരിശോധന, ഇമേജിങ് പരിശോധനകൾ അല്ലെങ്കിൽ കരൾ ബയോപ്സി എന്നിവ നടത്തണം.
മെഡിക്കൽ പരിശോധന നടത്താതെ ഇത്തരം ആദ്യകാല ലക്ഷണങ്ങൾ കരൾ കാൻസറാണോ എന്ന് കൃത്യമായി തിരിച്ചറിയാൻ മറ്റൊരു മാർഗവും നിലവിലില്ല. പ്രത്യേകിച്ച് അപകടസാധ്യതയുള്ള വ്യക്തികളിൽ ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധവും സമയബന്ധിതമായ മെഡിക്കൽ വിലയിരുത്തലും നേരത്തെയുള്ള രോഗനിർണയവും ഉണ്ടെങ്കിൽ മാത്രമേ മെച്ചപ്പെട്ട ചികിത്സയിലൂടെ രോഗം ഭേദമാകുകയുള്ളൂ.
