കുളത്തിൽ യുവാവ് മരിച്ച നിലയില്‍ കണ്ട സംഭവം കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

Share our post

ആലക്കോട്: കുളത്തില്‍ മരിച്ച നിലയില്‍ കണ്ട യുവാവിന്റെ മരണം കൊലപാതകം. നടുവില്‍ പടിഞ്ഞാറെ കവലയിലെ വി.വി.പ്രജുലിന്റെ (30) മരണമാണ് പോലീസ് അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് നടുവില്‍ പോത്തുകുണ്ട് റോഡിലെ വയലിനകത്ത് മിഥിലാജിനെ(26) കുടിയാന്മല ഇൻസ്പെക്ടര്‍ എം.എന്‍.ബിജോയ് അറസ്റ്റു ചെയ്തു. കഞ്ചാവ് കേസില്‍ മാസങ്ങള്‍ക്കു മുമ്പ് എക്‌സൈസ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ മാസം 25 ന് നടുവില്‍ കോട്ടമലയിലെക്കുള്ള റോഡരികില്‍ പ്രജുലിന്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ടൗണിനടുത്തുള്ള എരോടിയിലെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൂട്ടുപ്രതിയായ നടുവില്‍ കിഴക്കേ കവലയിലെ ഷാക്കിര്‍ ഒളിവിലാണ്. രാത്രിയില്‍ കുളത്തിനടുത്ത് വച്ച് മരിച്ച പ്രജുലും പ്രതികളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്നുണ്ടായ മര്‍ദനത്തില്‍ പരിക്കേറ്റ പ്രജുലിനെ കുളത്തിലേക്ക് തള്ളിയിടുകയുമായിരുന്നു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തില്‍ മര്‍ദ്ദനമേറ്റതായ പാടുകള്‍ കണ്ടെത്തിയിരുന്നു. പ്രജുലിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കുളത്തില്‍ മൃതദേഹം കണ്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!