കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിംഗ അന്തരിച്ചു
കൊച്ചി: കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിംഗ (80) എറണാകുളം കൂത്താട്ടുകുളത്തുവെച്ച് അന്തരിച്ചു. ശ്രീധരീയം നേത്രാശുപത്രിയിൽ ചികിത്സയ്ക്കെത്തിയതായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ശ്രീധരീയം ആശുപത്രിയുമായി റെയില ഒഡിംഗയ്ക്ക് ദീർഘകാലമായി ബന്ധമുണ്ട്. മകൾ റോസ്മേരി ഒഡിംഗയുടെ കണ്ണിന്റെ ചികിത്സയ്ക്കായി നിരവധി തവണ കൂത്താട്ടുകുളത്ത് എത്തിയിട്ടുണ്ട്. റോസ്മേരിക്ക് ശ്രീധരീയത്തിലെ ആയുർവേദ ചികിത്സയിലൂടെയാണ് കാഴ്ചശക്തി തിരികെ ലഭിച്ചത്. 2017ൽ ഇവർക്ക് രോഗത്തെ തുടർന്ന് കാഴ്ച ശക്തി നഷ്ടമായിരുന്നു. തുടർന്ന് ഇസ്രയേലിലും ചൈനയിലും ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ശ്രീധരീയത്തിലെ ആയുർവേദ ചികിത്സയെക്കുറിച്ച് അറിഞ്ഞ് 2019ൽ ഇവിടെയെത്തി ചികിത്സ തേടുകയായിരുന്നു.ആറ് ദിവസം മുൻപാണ് കുടുംബാംഗങ്ങളോടൊപ്പം റെയില ഒഡിംഗ തന്‍റെ ചികിത്സയ്ക്കായി എത്തിയത്. ബുധൻ രാവിലെ പ്രഭാതനടത്തത്തിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ ദേവമാത ആശുപത്രിയിൽ എത്തിക്കുകയും അവിടെവെച്ച് മരണപ്പെടുകയുമായിരുന്നു. മൃതദേഹം കെനിയയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംംഭിച്ചു. 2008 മുതൽ 2013 വരെ കെനിയയുടെ പ്രധാനമന്ത്രിയായിരുന്നു റെയ്‌ല അമോലോ ഒഡിംഗ. 1992 മുതൽ 2013 വരെ ലങ്കാറ്റ നിയോജകമണ്ഡലത്തിന്റെ പാർലമെന്റ് അംഗമായിരുന്നു. 2013 മുതൽ കെനിയയിലെ പ്രതിപക്ഷ നേതാവുമാണ്.
