ശബരിമല സ്വര്‍ണക്കൊള്ള: അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും നടപടി. ഉദ്യോഗസ്ഥനെ സ്‌പെന്‍ഡ് ചെയ്തു. ചൊവ്വാഴ്ച ചേര്‍ന്ന പ്രതിവാര ദേവസ്വം ബോര്‍ഡ് യോഗമാണ് അസിസ്റ്റന്റ് എന്‍ജിനീയര്‍ സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. ദേവസ്വം വിജിലന്‍സിന്റ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2019-ലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണസംഘം അന്വേഷണവുമായി മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി അടക്കം പത്തുപേര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ നിലവില്‍ സര്‍വീസിലുള്ളത് രണ്ട് ഉദ്യോഗസ്ഥരാണ്. ഇതില്‍ ഒരാളായ മുരാരി ബാബുവിനെ ദേവസ്വം ബോര്‍ഡിന്റെ കഴിഞ്ഞയോഗം സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് സുനില്‍കുമാറിനെതിരേയും നടപടി എടുത്തിട്ടുള്ളത്. 2019-ല്‍ ദ്വാരപാലകശില്‍പങ്ങളില്‍നിന്ന് സ്വര്‍ണം അഴിച്ചെടുത്ത സമയത്ത് അവിടെയുണ്ടായിരുന്ന ആളാണ് സുനില്‍കുമാര്‍. മഹസ്സറില്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. അവിടെയുണ്ടായിരുന്നത് ചെമ്പുപാളിയല്ല സ്വര്‍ണപ്പാളിയാണ് എന്ന് സുനില്‍കുമാറിന് അറിയാമായിരുന്നെന്ന് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്.
