റബറിന് 300 രൂപ സർക്കാരിന്റെ ഔദാര്യമല്ല, കർഷകരുടെ ജന്മാവകാശമാണ്; മാർ.ജോസഫ് പാംപ്ലാനി
പേരാവൂർ: റബറിന് 300 രൂപ നല്‌കേണ്ടത് സർക്കാരിന്റെ ഔദാര്യമല്ല കർഷകരുടെ ജന്മാവകാശമാണെന്നും, പ്രഖ്യാപിച്ച 250 രൂപയെങ്കിലും നല്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി . കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണ യാത്ര തലശ്ശേരി അതിരൂപത സമാപന സമ്മേളനവും ജാഥ ക്യാപ്റ്റൻ പ്രൊഫ. രാജീവ് കൊച്ചുപറമ്പിലിനുള്ള സ്വീകരണവും പേരാവൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാംപ്ലാനി. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷനായി. ഗ്ലോബൽ ഡയറക്ടർ ഡോ. ഫിലിപ്പ് കവിയിൽ ആമുഖ ഭാഷണവും ബിഷപ്പ് ലഗേറ്റ് മാർ.റെമിജിയൂസ് ഇഞ്ചനാനിയിൽ മുഖ്യ പ്രഭാഷണവും നടത്തി. പേരാവൂർ ഫൊറോന പ്രസിഡന്റ് ജോർജ് കാനാട്ട്, ജോസുകുട്ടി ഒഴുകയിൽ, അഡ്വ.ജോണി പുഞ്ചക്കുന്നേൽ, ജിമ്മി ഐത്തമറ്റം, ഫാ.മാത്യു തെക്കേമുറി, ഫാ.തോമസ് വടക്കേമുറി, ഫാ.സെബാസ്റ്റ്യൻ മൂക്കിലക്കാട്ട്, ഫാ.തോമസ് പട്ടാം കുളം, ജോണി തോമസ് വടക്കേക്കര, അഡ്വ.ഷീജ കാറുകുളം,ജാഥാ ക്യാപ്റ്റൻരാജീവ് കൊച്ചുപറമ്പിൽഎന്നിവർ സംസാരിച്ചു. നേരത്തെ പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്ര മൈതാനിയിൽ നിന്നാരംഭിച്ച റാലി പേരാവൂർ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി ഫ്‌ളാഗ് ഓഫ് ചെയ്തു. പേരാവൂർ, എടൂർ, കുന്നോത്ത് ഫോറോനകളിലെ മുഴുവൻ ഇടവകകളിൽ നിന്നുമായി ആയിരങ്ങൾ റാലിയിൽ അണിനിരന്നു.

