മാലിന്യം വലിച്ചെറിഞ്ഞു; ഏഴ് സ്ഥാപനങ്ങൾക്ക് പിഴ
കണ്ണൂർ: പൊതുസ്ഥലങ്ങളിൽ വ്യാപകമായി മാലിന്യം വലിച്ചെറിഞ്ഞത് കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപന ഇന്റേണൽ വിജിലൻസ് സ്ക്വാഡ് പരിശോധന. പരിശോധനയിൽ ഏഴ് സ്ഥാപനങ്ങൾക്കെതിരെ നടപടി. ഐ.വി.ഒമാരായ കെ.വി. പ്രകാശൻ, പി.വി.കെ. മഞ്ജുഷ എന്നിവരുടെ നേതൃത്വത്തിൽ പയ്യാമ്പലത്തെ രണ്ട് വൻകിട ഹോട്ടലുകൾ, പാറക്കണ്ടിയിലെ രണ്ട് കടകൾ, തെക്കീ ബസാറിൽ രണ്ട് വർക്ക് ഷോപ്പുകൾ, അതിഥി തൊഴിലാളി താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് അശാസ്ത്രീയമായി മാലിന്യം വലിച്ചെറിഞ്ഞതും മലിനജലം തുറസ്സായ സ്ഥലങ്ങളിലൂടെ ഒഴുക്കിവിട്ടതും കണ്ടെത്തിയത്. രണ്ട് സ്ക്വാഡുകളായി നടത്തിയ പരിശോധനയിൽ 1.53 ലക്ഷം രൂപ പിഴ ചുമത്തി. വരും ദിവസങ്ങളിലും പരിശോധന തുടരും. ഹെൽത്ത് ഇൻസ്പെപെക്ടർമാരായ കെ. സന്തോഷ് കുമാർ, ഇ. ബിന്ദു, വി. ജസീല എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു
സൂക്ഷിച്ചോ വലിയ പിഴ വരും
മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിഞ്ഞാലും മലിനജലം തോന്നിയപോലെ ഒഴുക്കിയാലും കർശന നടപടി വരും. വലിയ പിഴയും. മിനിമം 1000-2000 വരെയാണ് ആദ്യം പിഴയീടാക്കുക. ആവർത്തിച്ചാൽ 10000 മുതൽ 50000 വരെ പിഴ വരും. സ്ഥാപനത്തിന്റെ ലൈസൻസും റദ്ദാക്കും.
