ഒരു ആംബുലൻസിനകത്ത് അത്യാവശ്യമായി എന്തൊക്കെ വേണം; ചട്ടക്കൂട് നിർദ്ദേശിക്കാൻ സുപ്രീം കോടതി

Share our post

ന്യൂഡൽഹി: പൊതു വാഹനങ്ങളിൽ നിന്നും വ്യത്യസ്തമായി ആംബുലൻസുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടത് എന്തൊക്കെയാണ്. ഇക്കാര്യം ഉറപ്പാക്കേണ്ടത് ആരാണ്. ആംബുലൻസുകൾക്ക് രാജ്യത്ത് മുഴുവൻ ബാധകമായ ഒരു പൊതു ചട്ടക്കൂട് ഇക്കാലമത്രയായിട്ടും ഉണ്ടായിട്ടില്ല. ഇതിനെതിരായ ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി പരിഗണിച്ചു. ആംബുലൻസുകളിൽ മതിയായ ജീവൻ രക്ഷാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള ചട്ടക്കൂട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിൽ നിന്നും പ്രതികരണം തേടി.റോഡ് ആംബുലൻസുകളുടെ പ്രവർത്തനം, പരിപാലനം, നിയന്ത്രണം എന്നിവയുടെ നിലവിലെ യഥാർത്ഥ സ്ഥിതി അവലോകനം നടത്താൻ ഒരു സ്വതന്ത്ര സമിതി രൂപീകരിക്കാൻ നിർദ്ദേശം നൽകണമെന്നുള്ള ആവശ്യവും കോടതി ശരിവെച്ചു.നാല് ആഴ്ചയ്ക്കുള്ളിൽ ഇവയിൽ മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും അടങ്ങുന്ന ബെഞ്ച് ഉത്തരവിൽ ആവശ്യപ്പെട്ടു.ഹർജിയിൽ കേന്ദ്ര സർക്കാർ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം എന്നിവയെ കക്ഷികളാക്കി. ഹർജിക്കാരായ സയാൻഷ പനങ്കിപ്പള്ളി, പ്രിയ സർക്കാർ എന്നിവർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ പെർസിവൽ ബില്ലിമോറിയ, അഭിഭാഷക ജാസ്മിൻ ദാംകെവാല എന്നിവർ ഹാജരായി.

ദുരനുഭവത്തിന്റെ സങ്കടവുമായി കോടതിയിൽ

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) മുൻ ഡയറക്ടറായിരുന്ന അന്തരിച്ച പ്രശസ്ത കാർഡിയോ-തൊറാസിക് സർജൻ ഡോ പി വേണുഗോപാലിന്റെ മകളാണ് സിയാൻഷ പനങ്കിപ്പള്ളി. പ്രിയ സർക്കാർ ഡോ വേണുഗോപാലിന്റെ ഭാര്യയാണ്.രാജ്യം പത്മഭൂഷൻ നൽകി ആദരിച്ച ഡോ പി വേണുഗോപാൽ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലേക്കുള്ള വഴിയിലാണ് മരണപ്പെട്ടത്. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത് ഒരു സാധാരണ ആംബുലൻസിലായിരുന്നു. ഹൃദയ ശസ്ത്രക്രിയയുടെ തുടക്കക്കാരനായിരുന്ന ഡോ വേണുഗോപാലിനെ ആംബുലൻസ് തുണച്ചില്ല. ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് അദ്ദേഹമാണ്. തന്റെ കരിയറിൽ 50,000-ത്തിലധികം ഹൃദയ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകി.ആംബുലൻസിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിതാപകരമായ അപര്യാപ്തത, ഹൃദയാഘാതം ബാധിച്ചെത്തിയ അദ്ദേഹത്തിന്റെ ജീവനെടുത്തത് ഹർജിക്കാർ ചൂണ്ടികാട്ടി. ആംബുലൻസിൽ അടിയന്തര ജീവൻ രക്ഷാ സൗകര്യങ്ങളില്ലായിരുന്നു. അതുമൂലം ഓക്സിജൻ ലഭിക്കാതെ വന്നത് വെല്ലുവിളിയായി. രാജ്യത്ത് എത്രയോ പേർ ഇത്തരം സാഹചര്യം നേരിടുന്നു. വ്യക്തിപരമല്ല ഈ ഹർജിയെന്നും അവർ ബോധിപ്പിച്ചു.കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഇല്ലാത്തതിനാൽ ഇന്ത്യയിലുടനീളമുള്ള ആംബുലൻസുകളിൽ മതിയായ സൌകര്യങ്ങളുടെ അഭാവം വലിയ ആശങ്കയായി തുടരുകയാണെന്ന് ഹർജിയിൽ ചൂണ്ടികാട്ടി.

പഠനങ്ങളും നിർദ്ദേശങ്ങളും പലതുണ്ടായി, പക്ഷെ

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ 16-ാമത് പൊതു അവലോകന ദൗത്യ റിപ്പോർട്ടിൽ എല്ലാ സംസ്ഥാനങ്ങളിലെയും ആംബുലൻസുകളിലെ അപര്യാപ്തതകളും പ്രശ്നങ്ങളും ചൂണ്ടികാട്ടിയിട്ടുണ്ട്.2023 ഡിസംബറിൽ നീതി ആയോഗ് രണ്ട് സമഗ്ര റിപ്പോർട്ടുകൾ പുറത്തിറക്കിയിരുന്നു. ആംബുലൻസുകളിലെ അടിയന്തര കേസുകളുടെ സ്പെക്ട്രവും ലോഡും എടുത്തുകാണിച്ചു. അനിവാര്യത വ്യക്തമാക്കി. ആംബുലൻസ് സേവനങ്ങൾ, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ, മാനവ വിഭവശേഷി, ഉപകരണങ്ങൾ എന്നിവയിലെ നിലവിലുള്ള വിടവുകൾ റിപ്പോർട്ട് ചൂണ്ടികാണിച്ചു.പല സംസ്ഥാനങ്ങളിലും 90 ശതമാനം ആംബുലൻസുകളും ശരിയായ ഉപകരണങ്ങളോ ഓക്സിജൻ പോലുള്ള അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് കണക്ക് സഹിതം പുറത്തെത്തിച്ചു.ആംബുലൻസുകൾ രജിസ്റ്റർ ചെയ്യുന്നതിന് ചില സംസ്ഥാനങ്ങൾ മുൻകൂർ വ്യവസ്ഥകൾ നിർദ്ദേശിക്കുന്നുണ്ടെങ്കിലും, വാഹനം രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ അവ ഉറപ്പു വരുത്തുന്നത് കുറവാണെന്ന് ഹർജി ചൂണ്ടികാണിക്കുന്നു. ആംബുലൻസുകളിൽ എല്ലായ്‌പ്പോഴും മതിയായ ജീവൻ രക്ഷാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് നടപ്പിലാക്കണം. ആവശ്യമായ ഉപകരണങ്ങൾ, സാധനങ്ങൾ, അടിയന്തര മരുന്നുകൾ എന്നിവ നിബന്ധന ചെയ്യണം.ആംബുലൻസുകളിലെ അപര്യാപ്തമായതോ അനുചിതമായതോ ആയ സൗകര്യങ്ങൾ, അമിത ചാർജ്, അമിതവേഗത, മറ്റ് പൊരുത്തക്കേടുകൾ എന്നിവ റിപ്പോർട്ട് ചെയ്യാൻ ഒരു ടെലിഫോൺ അല്ലെങ്കിൽ ഓൺലൈൻ ഹെൽപ്പ്‌ലൈൻ സൗകര്യം ഏർപ്പെടുത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.നഗരങ്ങളിലും ഗ്രാമങ്ങളിലുമായി ഇന്ത്യയിലുടനീളം പതിനായിരക്കണക്കിന് ആംബുലൻസുകൾ നവീകരിക്കുക, അറ്റകുറ്റപ്പണികൾ ഉറപ്പാക്കുക, ജീവനക്കാരെ പരിശീലിപ്പിക്കുക, ഓഡിറ്റിംഗ് തുടങ്ങിയ കാര്യങ്ങൾ വലിയ വെല്ലുവിളിയാവും.

പല സംസ്ഥാനങ്ങളിലും സ്റ്റാൻഡേർഡൈസേഷനും എൻഫോഴ്‌സ്‌മെന്റും

പ്രോട്ടോക്കോളുകളും നിലവിലുണ്ടെങ്കിൽ പോലും അവയുടെ കൃത്യമായ നടപ്പാക്കൽ ദുർബലമാണ്. അവയ്ക്ക് മാനദണ്ഡങ്ങൾ നിർബന്ധമാണെന്ന് മാത്രമല്ല, എങ്ങനെ പാലിക്കണം എന്നും അവ പാലിക്കാത്തതിന് എന്ത് പിഴകൾ വേണമെന്നതും വേർതിരിക്കാൻ നിയമ ചട്ടക്കൂട് ആവശ്യമാവും എന്നും ചൂണ്ടികാണിക്കപ്പെടുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!