എയര്‍ഹോണുകള്‍ക്ക് എതിരേ കടുത്ത നടപടി; പ്രത്യേക പരിശോധനയ്ക്ക് ഉത്തരവ്

Share our post

തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത എയര്‍ഹോണുകള്‍ക്കെതിരേ സംസ്ഥാനത്താകെ മോട്ടോര്‍വാഹന വകുപ്പ് കടുത്ത നടപടി ആരംഭിക്കുന്നു. തിങ്കളാഴ്ച മുതല്‍ 19 വരെ സംസ്ഥാനമൊട്ടാകെ പ്രത്യേക പരിശോധന നടത്താനാണ് ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ പങ്കെടുത്ത ചടങ്ങിനിടെ അമിതവേഗത്തിലും ഹോണ്‍ മുഴക്കിയും പാഞ്ഞ ബസ്സുകള്‍ക്കെതിരെ മന്ത്രി ഉടനടി നടപടി സ്വീകരിച്ചിരുന്നു. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുകയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അതിനുശേഷമാണ് പുതിയ നീക്കം. അനുമതിയില്ലാതെ ഉപയോഗിക്കുന്ന എയര്‍ഹോണുകള്‍ കണ്ടെത്തുക മാത്രമല്ല, പിടിച്ചെടുക്കുന്നവ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ റോഡ് റോളര്‍ കയറ്റി നശിപ്പിക്കണമെന്നതാണ് നിര്‍ദേശം. ഓരോ ജില്ലയിലും പരിശോധനാ കണക്കുകള്‍ ദിവസേന മേല്‍സ്ഥാപനത്തിന് കൈമാറണമെന്നും നിര്‍ദേശമുണ്ട്. വാഹനങ്ങളിലെ എയര്‍ഹോണുകള്‍ നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ മുന്‍നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വകുപ്പ് നടപടി ശക്തമാക്കുന്നത്. രണ്ടാംശനിയും ഞായറാഴ്ചയും അവധിയായതിനാല്‍ ഔദ്യോഗിക ഉത്തരവ് വൈകിയെങ്കിലും, ഉന്നത ഉദ്യോഗസ്ഥര്‍ വാട്സാപ്പ് സന്ദേശത്തിലൂടെയാണ് ബന്ധപ്പെട്ട മോട്ടോര്‍വാഹന വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!