ഗായകൻ ഫെഡെ ഡോർക്കാസ് വെടിയേറ്റ് മരിച്ചു

Share our post

മെക്സിക്കോ: അർജന്റീനിയൻ ഗായകനും മോഡലുമായ ഫെഡെ ഡോർക്കാസ് (29) വെടിയേറ്റ് മരിച്ചു. മെക്സിക്കോയിലെ ഒരു പ്രശസ്ത ടെലിവിഷൻ നൃത്തമത്സരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. പരിപാടിക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കൊലപാതകം. മെക്സിക്കോ സിറ്റിയിൽ ആയിരുന്നു ആക്രമണം. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് അധികൃതരെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ച സംപ്രേഷണം ചെയ്യുന്ന ലാസ് എസ്ട്രെല്ലസ് ബൈലാൻ എൻ ഹോയ് എന്ന നൃത്ത റിയാലിറ്റി ഷോയിൽ ആദ്യമായി പ്രത്യക്ഷപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു ഡോർകാസ്. റിഹേഴ്സലുകൾ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മോട്ടോർ സൈക്കിളുകളിൽ എത്തിയ രണ്ട് പേർ അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിനെ തടഞ്ഞുനിർത്തി. കഴുത്തിൽ ഉൾപ്പെടെ മൂന്ന് തവണ വെടിവച്ചു. “നോ എരെസ് തൂ”, “കാരാ ബോണിറ്റ” തുടങ്ങിയവയാണ് ഡോർക്കാസിന്റെ പ്രശസ്തമായ ഗാനങ്ങൾ. ആദ്യ സംഗീത ആൽബമായ ‘ഇൻസ്റ്റിൻറോ’ കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. മെക്സിക്കൻ നടിയും ഗായികയുമായ മരിയാന അവിലയുമായി പ്രണയത്തിലായിരുന്നു ഡോർക്കാസ്. “എനിക്ക് ഒരു സംഗീതജ്ഞൻ എന്നതിലുപരി ആകണം. ഒന്നുമില്ലായ്മയിൽ നിന്ന് അത്ഭുതകരമായ എന്തെങ്കിലും കെട്ടിപ്പടുക്കാനാകുമെന്ന് ആളുകളെ കാണിക്കണം. അവരുടെ സ്വപ്നങ്ങളെ പിന്തുടരാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” എന്ന് ഡോർക്കാസ് പറഞ്ഞിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!