ബസുകളിലും ഓട്ടോകളിലും മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന
ഇരിട്ടി: ബസുകളിലും ഓട്ടോകളിലും മോട്ടോര്‍ വാഹന വകുപ്പ് മിന്നല്‍ പരിശോധന തുടങ്ങി. അപകടകരമാവും വിധം സഞ്ചരിക്കുന്ന സ്വകാര്യ ബസുകള്‍ മറ്റു വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണി തീര്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. സ്പീഡ് ഗവര്‍ണര്‍ സംവിധാനം ഉള്‍പ്പെടെ വിച്ഛേദിച്ച് അമിതവേഗത്തില്‍ ബസുകള്‍ സഞ്ചരിക്കുന്നതായും എയര്‍ഹോണ്‍ ഉള്‍പ്പെടെ മുഴക്കുന്നതായും പരാതിയുണ്ടായിരുന്നു.വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തതും ചില ജീവനക്കാര്‍ വിദ്യാര്‍ഥികളോട് മോശമായി സംസാരിക്കുന്നതും കണക്കിലെടുത്താണ് മോട്ടോര്‍ വാഹന വകുപ്പ് ഇന്‍ഫോഴ്സ്മെന്റ് വിഭാഗം സ്വകാര്യ ബസുകളില്‍ വ്യാപക പരിശോധന നടത്തിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി. ബിജു, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി. ഷനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയത്.ഓട്ടോറിക്ഷകളില്‍ മീറ്ററുകള്‍ ഘടിപ്പിച്ചിട്ടുണ്ടോയെന്നും പ്രവര്‍ത്തനക്ഷമമാണെന്നും എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തി. ഇരിട്ടി, മട്ടന്നൂര്‍ മേഖലകളില്‍ 200 ഓളം ഓട്ടോറിക്ഷകളില്‍ നടത്തിയ പരിശോധനയില്‍ മുപ്പതോളം ഓട്ടോറിക്ഷകള്‍ മീറ്ററുകള്‍ ഘടിപ്പിക്കാതെയും കേടായ മീറ്റര്‍ സ്ഥാപിച്ചും സര്‍വിസ് നടത്തുന്നതായി കണ്ടെത്തി. പരിശോധന തുടരുമെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു.
