ബിന്ദുവിൻ്റെ മകന് സർക്കാർ ജോലി; നിയമന ഉത്തരവ് കൈമാറി

Share our post

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ മകൻ നവനീതിന് സർക്കാർ ജോലി നൽകി. നിയമന ഉത്തരവ് ദേവസ്വം മന്ത്രി വി എൻ വാസവൻ കൈമാറി. ദേവസ്വം ബോർഡിന് കീഴിൽ വൈക്കം താലൂക്കിലെ അസിസ്റ്റന്റ് എൻജിനീയർ ഓഫീസിൽ ഓവർസീയറായി നവനീത് ജോലിയിൽ പ്രവേശിച്ചു. 2 വർഷത്തെ പ്രൊബേഷൻ കാലാവധി കഴിഞ്ഞ് പ്രൊമോഷൻ ഉൾപ്പെടെയുണ്ടാകും. തങ്ങളോടൊപ്പം നിന്നവര്‍ക്കും ചേര്‍ത്ത് നിര്‍ത്തിയവര്‍ക്കും നന്ദി എന്ന് നവനീത് പ്രതികരിച്ചു. അപകടത്തിന് പിന്നാലെ ബിന്ദുവിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മകളുടെ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുത്തിരുന്നു. മന്ത്രിസഭാ യോ​ഗ തീരുമാനത്തിൽ അനുവദിച്ച പത്ത് ലക്ഷം രൂപ ഉൾപ്പെടെ 10.5 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്യത്തിൽ വീട് നവീകരിച്ച് അടുത്തിടെ തോക്കോൽ കൈമാറിയിരുന്നു. അടുക്കളയായി ഉപയോഗിച്ചിരുന്ന ഭാഗം പൂർണമായും പൊളിച്ചുമാറ്റി. ശുചിമുറി ഉൾപ്പെടുന്ന ഒരു മുറിയും അടുക്കളയും വർക്ക് ഏരിയയും നിലവിലുള്ള വീടിനോട് കൂട്ടിചേർത്ത് പുതിയതായി കോൺക്രീറ്റ് ചെയ്തു. മോശമായ കട്ടിളകളും വാതിലുകളും ജനലുകളും മാറ്റി പുതിയത്‌ വച്ചു. മുൻഭാഗത്ത്‌ സംരക്ഷണ ഭിത്തി കെട്ടി ബലപ്പെടുത്തി. മുറ്റത്ത്‌ ഷീറ്റ്‌ പാകി. പുതിയ സെപ്റ്റിക് ടാങ്കും നിർമിച്ചു. വീട്ടിലേക്കെത്താൻ പുതിയ കൈവരിയും സ്ഥാപിച്ചിട്ടുമുണ്ട്‌. കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഉപയോഗശ‍ൂന്യമായ ശുചിമുറി കെട്ടിടം തകർന്നാണ്‌ തലയോലപ്പറമ്പ്‌ മേപ്പത്ത്‌കുന്നേൽ ബിന്ദു മരിച്ചത്‌.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!