ഇഡ്ഡലിയും സാമ്പാറും ഗൂഗിൾ ഡൂഡിൽ

Share our post

തിരുവനന്തപുരം: വാഴയിലയിൽ ചൂട് ഇഡ്ഡലി, സാമ്പാർ, ചമ്മന്തി. ഒപ്പമൊരു ഉഴുന്നു വടയും… ഗൂഗിളിനും കൺട്രോൾ പോയി. തെക്കേ ഇന്ത്യയുടെ കൊതിയൂറും വിഭവമായിരുന്നു ഇന്നലെ ഗൂഗിളിന്റെ ഡൂഡിൽ. ഉഴുന്നും അരിയും ചേർത്തരച്ച ഇഡ്ഡലി മാവും തട്ടിലേക്ക് അത് പകർന്നതും ഉൾപ്പെട ഡൂഡിലിൽ സ്ഥാനംപിടിച്ചു. അരിയും ഉഴുന്നുപരിപ്പും ചേർത്ത് ജി എന്ന അക്ഷരവുമെഴുതി.ഇഡ്ഡലിയുടെ ഉത്ഭവം ഇന്ത്യയിലാണെങ്കിലും മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ബർമ്മ തുടങ്ങിയ രാജ്യങ്ങളിലും ഇഷ്ട പ്രഭാത ഭക്ഷണമാണ്. അല്പം സ്റ്റൈലോടെ ഇഡ്ലി എന്നും പറയുന്നവരുമുണ്ട്.ഇന്ത്യയിൽ പുരാതനകാലം മുതൽ ഇഡ്ഡലി പ്രചാരത്തിലുണ്ട്. ക്രിസ്തുവർഷം 920ൽ ശിവകോടി ആചാര്യ കന്നഡത്തിൽ എഴുതിയ ഒരു കൃതിയിൽ ഇഡ്ഡലിയെ ഇദ്ദലിഗെ എന്നു പരാമർശിക്കുന്നു. 1130ൽ കന്നഡ ദേശരാജാവായിരുന്ന സോമേശ്വര മൂന്നാമന്റെ കാലത്ത് സംസ്കൃതത്തിൽ തയ്യാറാക്കിയ മാനസോല്ലാസ എന്ന വിജ്ഞാനകോശത്തിൽ ഇദ്ദരിക എന്നാണ് പ്രയോഗം.2015 മുതൽ മാർച്ച് 30 ലോക ഇഡ്ഡലി ദിനമായി ആചരിക്കുന്നു. ചെന്നൈയിലെ പ്രമുഖ വെജിറ്റേറിയൻ ഭക്ഷണ വ്യാപാരിയായ ഇനിയവൻ 2020ൽ 2500 തരം ഇഡ്ഡലികൾ അവതരിപ്പിച്ച് റെക്കാഡിട്ടു. സാദാ മുതൽ രാമശ്ശേരി വരെ സാദാ ഇഡ്ഡലി,​ റവ ഇഡ്ഡലി, സാമ്പാർ ഇഡ്ഡലി,രസ ഇഡ്ഡലി, നെയ്യ് ഇഡ്ഡലി… ഇങ്ങനെ വിവിധ സ്വാദിൽ തമിഴ്നാട്ടിൽ ലഭിക്കും. എങ്കിലും പാലക്കാട്ടെ രാമശ്ശേരി ഇഡ്ഡലിയാണ് വ്യത്യസ്തൻ. കാഞ്ചീപുരത്ത് നിന്ന് പാലക്കാട്ടേക്ക് കുടിയേറിയ മുതലിയാർ കുടുംബങ്ങളാണ് അവതരിപ്പിച്ചത്. വെളിച്ചെണ്ണയിൽ കുഴച്ച ചമ്മന്തിപ്പൊടിയാണ് കോമ്പിനേഷൻ. ടൂറിസം വകുപ്പ് രാമശേരി ഇഡ്ഡലി ഫെസ്റ്റ് വർഷംതോറും നടത്താറുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!