ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണങ്ങള്‍ മോഷ്ടിച്ച് പണയം വച്ച കേസില്‍ കണ്ണൂർ സ്വദേശിയായ ശാന്തിക്കാരന്‍ അറസ്റ്റില്‍

Share our post

തൃശൂര്‍: ക്ഷേത്രത്തില്‍നിന്നും തിരുവാഭരണങ്ങള്‍ മോഷ്ടിച്ച് പണയം വച്ച കേസില്‍ ക്ഷേത്രം ശാന്തിക്കാരന്‍ അറസ്റ്റില്‍. മുരിങ്ങൂര്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ ശ്രീകോവില്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനായി സൂക്ഷിച്ചിരുന്ന 2.7 പവന്‍ തൂക്കം വരുന്ന തിരുവാഭരണം ക്ഷേത്രത്തില്‍നിന്നും മോഷ്ടിച്ച് പണയം വച്ച കേസിലാണ് അറസ്റ്റ്. ക്ഷേത്രം ശാന്തിക്കാരനും കണ്ണൂര്‍ അഴീക്കോട് സ്വദേശിയുമായ അശ്വന്ത് (34)ആണ് അറസ്റ്റിലായത്. ക്ഷേത്രം പ്രസിഡന്‍റ് രാജീവിന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി 2020 ഫെബ്രുവരി രണ്ടിനാണ് അശ്വന്ത് ശാന്തിക്കാരനായി ജോലിയ്ക്ക് കയറിയത്. സ്വര്‍ണാഭരണങ്ങളുടേയും വെള്ളിപാത്രങ്ങളുടേയും ചുമതല ശാന്തിക്കാണ് ക്ഷേത്രഭാരവാഹികള്‍ നല്കിയത്. സ്വര്‍ണാഭരണങ്ങള്‍ അവിടെയില്ലെന്ന സംശയം വന്നതോടെ ശാന്തിയോട് തിരുവാഭരണങ്ങള്‍ കാണിച്ചുതരാന്‍ ചില കമ്മിറ്റിയംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുഴുവന്‍ ഭാരവാഹികളും വന്നാലേ ഇവ കാണിക്കൂവെന്ന നിലപാട് ശാന്തി സ്വീകരിച്ചു. ഇതുപ്രകാരം 28ന് രാവിലെ ഒമ്പതോടെ മുഴുവന്‍ ഭാരവാഹികളും ക്ഷേത്രത്തിലെത്തി. ഇതോടെയാണ് കള്ളത്തരം പൊളിഞ്ഞത്.ചോദ്യം ചെയ്യലില്‍ ആഭരണങ്ങള്‍ ചാലക്കുടിയിലെ ബാങ്കില്‍ പണയം വച്ചതായി അറിയിച്ചു. കമ്മിറ്റിയംഗങ്ങള്‍ നടത്തിയ പരിശോധനയില്‍ പത്ത് ഗ്രാം വരുന്ന കാശുമാല, ഏഴ് ഗ്രാം തൂക്കമുള്ള സ്വര്‍ണ വളയടക്കം പല ആഭരണങ്ങളും ശ്രീകോവില്‍നിന്നും നഷ്ടപ്പെട്ടതായും കണ്ടെത്തി. തുടര്‍ന്നാണ് കൊരട്ടി പോലീസില്‍ പരാതി നല്കിയത്. പിടിയിലായ അശ്വന്ത് പാലാരിവട്ടം സ്റ്റേഷന്‍ പരിധിയിലെ വെണ്ണലമാതാരത്ത് ദേവിക്ഷേത്രത്തിലേയും ഉദയംപേരൂര്‍ സ്റ്റേഷന്‍ പരിധിയിലെ പുല്ലാട്ടുകാവ് ക്ഷേത്രത്തിലേയും തിരുവാഭരണം മോഷ്ടിച്ച് പണയം വച്ച കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!