ഗൂഗിളിന്റെ 27-ാം ജന്മദിനം; പഴയ ഡൂഡിൽ തിരികെയെത്തിച്ച് ടെക് ഭീമൻ

ഓരോ ദിവസവും നിരവധി ആവശ്യങ്ങൾക്കായി ഗൂഗിളിന്റെ പല പ്ലാറ്റ്ഫോമുകളും നമ്മൾ ഉപയോഗിക്കാറുണ്ടല്ലേ. അപ്പോഴെല്ലാം ഗൂഗിളിൾ ഓരോ ദിവസം നൽകിയിരിക്കുന്ന ഡൂഡിലുകളിലെ മാറ്റവും ശ്രദ്ധിച്ചിട്ടുണ്ടാകും. പ്രശസ്തരുടെ ജന്മദിനങ്ങളിലും ഓർമദിനങ്ങളിലും ഗൂഗിൽ ഇത്തരത്തിൽ ആദരസൂചകമായി ഡൂഡിലുകൾ നൽകാറുണ്ട്. ഇപ്പോഴിതാ സ്വന്തം ജന്മദിനത്തിൽ പഴയ ഫോണ്ടിലുള്ള ആദ്യ ഗൂഗിൾ ഡൂഡിൽ തിരിച്ചുകൊണ്ടുവന്നിക്കുകയാണ് കമ്പനി. അതെ ഇന്ന് ഗൂഗിളിന് 27 വയസായി. “ഇന്നത്തെ ഡൂഡിൽ ഗൂഗിളിന്റെ 27-ാം ജന്മദിനം ആഘോഷിക്കുന്നു. വർഷങ്ങളായി ഞങ്ങളോടൊപ്പം തിരഞ്ഞതിന് നന്ദി!” എന്നാണ് കമ്പനി ഡൂഡിലിൽ കുറിച്ചിരിക്കുന്നത്. ഒരു അമേരിക്കൻ ബഹുരാഷ്ട്ര ടെക് കോർപ്പറേഷനാണ് ഗൂഗിൾ എൽഎൽസി. 1996 ജനുവരിയിൽ ലാറി പേജും സെർജി ബ്രിനും അമേരിക്കയിലെ കാലിഫോർണിയയിലുള്ള സ്റ്റാൻഫോർഡ് സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥികളായിരിക്കെ നടത്തിയ ഒരു ഗവേഷണ പദ്ധതിയായാണ് ഗൂഗിൾ ആരംഭിച്ചത്. അന്ന് ഇരുവരെയും സഹായിക്കാന്‍ സ്‌കോട്ട് ഹസ്സന്‍ എന്നൊരു പ്രോഗ്രാമര്‍ കൂടിയുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ സഹായത്തോടെയാണ് ആദ്യ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ വികസിപ്പിച്ചെടുത്തതെങ്കിലും 1998 ല്‍ ഗൂഗിള്‍ ഒരു കമ്പനിയായി മാറുന്നതിന് മുമ്പ് തന്നെ സ്‌കോട്ട് ഹസ്സന്‍ കമ്പനി വിട്ടു.
ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ് ആണ് ഗൂഗിളിന്റെ മാതൃ കമ്പനി. വിവരസാങ്കേതികവിദ്യ, ഓൺലൈൻ പരസ്യം, സെർച്ച് എൻജിൻ സാങ്കേതികവിദ്യ, ഇമെയിൽ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സോഫ്റ്റ്‌വെയർ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഇ-കൊമേഴ്‌സ്, കൺസ്യൂമർ ഇലക്ട്രോണിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഗൂഗിളിന്റെ പ്രവർത്തനം. ലേറ്റ് 90സ് കിഡ്സിന്റെ ബാല്യ, കൗമാരങ്ങളുടെ യാത്രയും 2K കിഡ്സിന്റെ വളർച്ചയും ഗൂഗിളിനൊപ്പമായിരുന്നു. രണ്ട് വിദ്യാർഥികളുടെ പഠനത്തിന്റെ ഭാഗമായി തുടങ്ങിയ ഒരു സംരംഭം ഇന്ന് ആഗോള തലത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഒരു സംവിധാനമായി മാറി.2005 വരെ സെപ്തംബര്‍ ഏഴിനാണ് ഗൂഗിള്‍ ജന്മദിനം ആഘോഷിച്ചിരുന്നത്. ഗൂഗിള്‍ ഒരു കോര്‍പ്പറേറ്റ് കമ്പനിയായി രൂപപ്പെട്ട തിയതിയായി കണക്കാക്കിയായിരുന്നു ഈ ദിവസം തിരഞ്ഞെടുത്തത്. എന്നാല്‍ 1998 സെപ്തംബര്‍ നാലിനാണ് അതിനുള്ള രേഖകള്‍ കമ്പനി സമര്‍പ്പിച്ചത്. എന്നാല്‍ ഈ ദിവസം ജന്മദിനമായി കണക്കാക്കാറില്ല. ഈ ആശയക്കുഴപ്പത്തിന് വിരാമമിട്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സെപ്തംബര്‍ 27 ന് തന്നെ ജന്മദിനം ആഘോഷിച്ചുവരികയാണ് കമ്പനി.