‘ഗുഡ്മോണിങ് കൊല്ല’ത്തിന് സ്വീകാര്യതയേറുന്നു
 
        കൊല്ലം: സാധാരണക്കാരായ ജനങ്ങള്‍ക്ക് കുറഞ്ഞവിലയില്‍ പ്രഭാതഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോര്പ്പറേഷന് നടപ്പാക്കുന്ന ‘ഗുഡ്മോണിങ് കൊല്ല’ത്തിന് സ്വീകാര്യതയേറുന്നു. കീശയിലെ കാശ് കാലിയാകാതെ വിശപ്പടക്കാം എന്ന ഉദ്ദേശ്യത്തില്‍ 10 രൂപയ്ക്ക് പ്രഭാതഭക്ഷണം ലഭ്യമാക്കുന്നതാണ് പദ്ധതി. കോര്പ്പറേഷന് വികസനഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് സ്വീകാര്യതയേറിയതോടെ ശക്തികുളങ്ങര, അഞ്ചാലുംമൂട് എന്നിവിടങ്ങളിലും കൗണ്ടറുകള്‍ തുടങ്ങുന്നതും പരിഗണനയിലാണ്. ചിന്നക്കട ബസ് ബേയ്ക്കുസമീപം ഒരുക്കിയിരിക്കുന്ന കൗണ്ടറിലാണ് ഭക്ഷണവിതരണം. രാവിലെ ഏഴുമുതല്‍ 9.30 വരെയാണ് പ്രവര്‍ത്തനം. എങ്കിലും ഭക്ഷണം തീരുന്നതനുസരിച്ച് സമയത്തിലും മാറ്റംവരാം. സംസ്ഥാനത്ത് ആദ്യമായി 10 രൂപയ്ക്ക് പ്രഭാതഭക്ഷണം നല്കുന്ന പദ്ധതി നടപ്പാക്കുന്നത് കൊല്ലം കോര്‍പ്പറേഷനിലാണ്.
ആശ്രാമത്തെ സ്നേഹിത കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് ഭക്ഷണവിതരണച്ചുമതല. ഗുണഭോക്താക്കളില്‍നിന്നു ലഭിക്കുന്ന 10 രൂപ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നല്‍കും. ഗുണഭോക്താവില്‍നിന്നു ലഭിക്കുന്ന 10 രൂപയോടൊപ്പം കോര്‍പ്പറേഷന്റെ വിഹിതമായ 30 രൂപയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഏപ്രിലിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഇഡ്ഡലി, അപ്പം, ഇടിയപ്പം, ചപ്പാത്തി എന്നിങ്ങനെ ഓരോദിവസവും ഓരോതരം ഭക്ഷണങ്ങളാണ് വിതരണം ചെയ്യുന്നത്. 10 രൂപയ്ക്ക് നാലെണ്ണം ലഭിക്കും. തുടര്‍ന്നും ആവശ്യമെങ്കില്‍ വീണ്ടും 10 രൂപ നല്‍കണം. കടലക്കറി, കിഴങ്ങുകറി, സാമ്പാര്‍ എന്നിങ്ങനെ കറികളും ലഭിക്കും. കുടിക്കാനുള്ള വെള്ളവും ഇതോടൊപ്പം നല്‍കും. 10 രൂപ നല്കിയാല് ചായ ആവശ്യമുള്ളവര്‍ക്ക് അതും കിട്ടും. വരുന്നവര്‍ക്ക് ഭക്ഷണം വാങ്ങിക്കഴിച്ച് പോകാം. പാഴ്സല്‍ സംവിധാനമില്ല. നിലവില്‍ ദിവസേന 300-350 പേര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്ന് ഡെപ്യൂട്ടി മേയര്‍ എസ്. ജയന് പറഞ്ഞു.

 
                 
                 
                