മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്: പ്രധാന പ്രവേശനകവാടമാകണം എടക്കാട് റെയിൽവേ സ്റ്റേഷൻ

എടക്കാട്: മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിന്റെ തൊട്ടടുത്തുള്ള എടക്കാട് റെയിൽവേ സ്റ്റേഷൻ, ബീച്ചിലേക്കുള്ള പ്രധാന പ്രവേശനകവാടമാക്കി മാറ്റാനുള്ള നടപടികൾ വേണമെന്ന് ആവശ്യം. സഞ്ചാരികൾ ഒഴുകും മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിനെ ലോകോത്തര നിലവാരത്തിലേക്ക് മാറ്റുന്നതിന് സർക്കാർ 275 കോടിയുടെ പദ്ധതിക്കാണ് രൂപം നൽകിയിട്ടുള്ളത്. ഇതിന്റെ ഒന്നാംഘട്ട പ്രവൃത്തികൾ പൂർത്തിയാക്കി. രണ്ടാം ഘട്ട പ്രവൃത്തികൾ ഉടനെ തുടങ്ങും. ഒന്നാം ഘട്ട വികസനം നടത്തിയ ഭാഗം തുറന്നുകൊടുത്തത് മുതൽ തന്നെ ബീച്ചിലേക്കുള്ള സഞ്ചാരികളുടെ വരവ് ഏറെ വർധിച്ചിട്ടുണ്ടെന്ന് മാത്രമല്ല വ്യാപാരമേഖലയടക്കം ബീച്ചും പരിസര പ്രദേശങ്ങളും മുൻപത്തേതിൽ നിന്ന് വ്യത്യസ്തമായി സജീവമായിട്ടുണ്ട്.ബീച്ച് നവീകരണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ സഞ്ചാരികളുടെ ഒഴുക്കു തന്നെ ഇവിടെയുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡ്രൈവ് ഇൻ ബീച്ചിന്റെ തോട്ടടുത്തുള്ള എടക്കാട് റെയിൽവേ സ്റ്റേഷനെ ബീച്ചിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ പ്രായോഗികമായി ഉപയോഗിക്കണമെന്നുള്ള ആവശ്യം ഉയർന്നിട്ടുള്ളത്.
നിർത്തുന്നത് പാസഞ്ചർ ട്രെയിൻ മാത്രം
ഡ്രൈവ് ഇൻ ബീച്ചിന്റെ എടക്കാട് ഭാഗത്തു നിന്ന് നോക്കിയാൽ കാണുന്ന ദൂരത്തിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് പരിധിയിൽ തന്നെയാണ് എടക്കാട് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് ഇവിടെ നിർത്തുന്നത്. രാജ്യാന്തര തലത്തിൽ നിന്ന് സന്ദർശകരെ ആകർഷിക്കാനുള്ള പദ്ധതി ബീച്ചിൽ നടപ്പാക്കുമ്പോൾ ഇതിന് ഏറെ ഗുണം ചെയ്യുന്ന തരത്തിൽ ട്രെയിൻ മാർഗം ബീച്ചിലേക്ക് എത്താനുള്ള സൗകര്യമുണ്ടായിട്ടും ഇക്കാര്യം പരിഗണിക്കപ്പെടാത്തത് അധികൃതരുടെ ദീർഘവീക്ഷണമില്ലായ്മയാണെന്നാണ് പരാതി.
ഗുണം ചെയ്യും, ബീച്ചിനും സ്റ്റേഷനും
എടക്കാട് റെയിൽവേ സ്റ്റേഷൻ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ച് ബീച്ചിന്റെ മനോഹര ദൃശ്യങ്ങൾ സ്റ്റേഷനിൽ പ്രദർശിപ്പിച്ച് സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ സ്റ്റേഷനെ വികസിപ്പിച്ചാൽ ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്കും അത് മുതൽക്കൂട്ടാകുമെന്ന് വിനോദസഞ്ചാര മേഖലയിലുള്ളവർ തന്നെ സമ്മതിക്കുന്ന കാര്യമാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ റെയിൽവേ ഭൂമി സ്വന്തമായുള്ള സ്റ്റേഷനാണ് എടക്കാട് റെയിൽവേ സ്റ്റേഷൻ. റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്ത് നിന്ന് തടസ്സങ്ങളൊന്നും ഇല്ലാതെ ഡ്രൈവ് ഇൻ ബീച്ചിന്റെ എടക്കാട് ഭാഗത്തേക്ക് എളുപ്പത്തിൽ എത്താനുള്ള റോഡും ഉണ്ട്. നിലവിൽ ബീച്ചിലേക്കുള്ള 2 പ്രധാനറോഡുകൾക്ക് വീതി നന്നേ കുറവാണെന്ന് മാത്രമല്ല ഈ റോഡിൽ റെയിൽവേ ഗേറ്റും ഉള്ളതിനാൽ യാത്രാക്ലേശം അതിരൂക്ഷമാണ്.