ലൈഫിന്റെ തണലിൽ 21,775 കുടുംബങ്ങൾ

Share our post

കണ്ണൂർ: ലൈഫ് മിഷൻ പദ്ധതി പൂർത്തിയാകുന്നതോടെ സുരക്ഷിതമാകുന്നത്‌ കാൽലക്ഷം കുടുംബങ്ങൾ. ഇതുവരെ ജില്ലയിൽ പൂർത്തിയായത്‌ 21,775 വീടുകൾ. 25,530 വീടുകളാണ്‌ അനുവദിച്ചത്‌. ബാക്കി 3755 വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്‌. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിൽ ജില്ലയിൽ വീട്‌ നിർമാണത്തിനായി 230 സെന്റ്‌ ഭൂമി രജിസ്‌റ്റർ ചെയ്‌തു. 81ൽ 64 തദ്ദേശസ്ഥാപനങ്ങളും ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഭൂമിയുള്ള ഭവനരഹിതരുടെ പട്ടികയിലുള്ളവർക്കെല്ലാം ഭവന നിർമാണ ആനുകൂല്യം നൽകി. ലൈഫ്‌ മിഷന്റെ ആദ്യഘട്ടത്തിൽ പാതിവഴിയിൽ നിലച്ച വീടുകളുടെ പൂർത്തീകരണമാണ്‌ ലക്ഷ്യമിട്ടത്. 2645 വീടുകളാണ് ഈ ഘട്ടത്തിൽ നിർമാണം പൂർത്തിയാക്കിയത്. രണ്ടാംഘട്ടമായി ഭൂമിയുള്ള ഭവനരഹിതരുടെ പുനരധിവാസത്തിനായി 2543 വീടുകൾ പൂർത്തീകരിച്ചു. മൂന്നാംഘട്ടം ഭൂമിയും വീടും ഇല്ലാത്തവർക്കുവേണ്ടിയായിരുന്നു. ഈ ഘട്ടത്തിൽ 731 വീടാണ്‌ പൂർത്തീകരിച്ചത്‌. ജില്ലയിൽ ഭൂമിയുള്ള ഭവനരഹിതരായ 23,990 ൽ 20,582 പേരും നിർമാണം പൂർത്തീകരിച്ചു. 3408 പേരുടെ വീട് അന്തിമഘട്ടത്തിലാണ്. ഭൂരഹിത ഭവനരഹിതരിൽ 1540 പേർക്ക് അനുവദിച്ചതിൽ 1173 ഉം വീട് നിർമാണം പൂർത്തീകരിച്ചു. അതിദാരിദ്ര്യ വിഭാഗത്തിൽ ഉൾപ്പെട്ട ഭൂരഹിതരായ ഗുണഭോക്താക്കളിൽ 11 പേർക്ക് ചിറ്റിലപ്പിള്ളി ഭവന നിർമാണ പദ്ധതി വഴി ഭൂമി വാങ്ങുന്നതിന് 2,50,000 രൂപ വീതം ആനുകൂല്യം നൽകി. കടമ്പൂർ പഞ്ചായത്തിലെ ഭൂരഹിത ഭവനരഹിത ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ട 42 പേർക്കും മുണ്ടേരി, ചിറക്കൽ പഞ്ചായത്തിലെ അതിദരിദ്ര ഗുണഭോക്താക്കളായ രണ്ടുപേർക്കും കടമ്പൂരിൽ ഫ്ലാറ്റ് നൽകി. കുറുമാത്തൂർ പഞ്ചായത്തിലെ കെയർ ഹോം ഫ്ലാറ്റിലേക്ക്‌ കുറുമാത്തൂർ, ആന്തൂർ, പരിയാരം, മയ്യിൽ എന്നീ തദ്ദേശ സ്ഥാപനങ്ങളിൽനിന്നും 18 ഭൂരഹിത ഭവനരഹിതരെയും പുനരധിവസിപ്പിച്ചു. പയ്യന്നൂർ കോറോം (44), ആന്തൂർ (44), ചിറക്കൽ – (36), കണ്ണപുരം (32), ഫ്ലാറ്റ്‌ നിർമാണം പുരോഗമിക്കുന്നുമുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!