പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; ഉത്തരവ് നീട്ടി ഹൈക്കോടതി

കൊച്ചി : പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. തകർന്ന റോഡുകൾ നന്നാക്കിയിട്ട് ടോൾ പിരിക്കാമെന്ന് ദേശീയ പാത അതോറിറ്റിയോട് ഹൈക്കോടതി പറഞ്ഞു. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നതിനെത്തുടർന്ന് റോഡു ഗതാഗതം തടസപ്പെട്ട കാര്യം ജില്ലാ കലക്ടർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ടോൾ പിരിവിനുള്ള വിലക്ക് ഹൈക്കോടതി നീട്ടിയത്. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. റോഡിലെ പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിച്ച് ഗതാഗത യോഗ്യമാക്കാൻ ഹൈക്കോടതി നിർദേശിച്ചു. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നതായും താൽക്കാലിക നടപടി സ്വീകരിച്ചതായുമാണ് കലക്ടർ കോടതിയെ അറിയിച്ചത്. പ്രശ്നം പൂർണമായി പരിഹരിച്ചിട്ടില്ല എന്നും കലക്ടർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പൂർണ പരിഹാരമുണ്ടാക്കി എന്നാണ് ദേശീയ പാത അതോറിറ്റി കോടതിയിൽ പറഞ്ഞത്. എന്നാൽ റോഡ് തകർന്നതോടെ ടോൾ വിലക്ക് പുനരാരംഭിക്കേണ്ട എന്ന് കോടതി വ്യക്തമാക്കി. കലക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. റോഡ് തകർന്നതിനെപ്പറ്റി കോടതി ദേശീയ പാത അതോറിറ്റിയോട് ചോദ്യങ്ങളുന്നയിച്ചു. സംരക്ഷണഭിത്തി കെട്ടാനായി ആഴത്തിൽ മണ്ണെടുത്തപ്പോഴാണ് റോഡ് തകർന്നതെന്നായിരുന്നു എൻഎച്ച്എഐയുടെ മറുപടി. ചെറിയ പ്രശ്‌നങ്ങളുടെ പേരിൽ ടോൾ പിരിവ് തടയുന്നത് ശരിയല്ലെന്ന് ദേശീയ പാത അതോറിറ്റിയും കേന്ദ്രസർക്കാരും കോടതിയിൽ വാദിച്ചെങ്കിലും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ബെഞ്ച് വാദം തള്ളി. ഒരാഴ്ച മുമ്പ് നന്നാക്കിയ സർവീസ് റോഡാണ് തകർന്നതെന്നും റോഡ് നന്നാക്കിയിട്ട് വരാനും അതുകഴിഞ്ഞ് ബാക്കി കാര്യം ആലോചിക്കാമെന്നും കോടതി പറഞ്ഞു. റോഡ് ഗതാഗത യോഗ്യമാക്കാതെ ടോൾ പിരിക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ആഗസ്ത് ആറ് മുതലാണ് പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് തടഞ്ഞത്.