ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിന്

ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്. 2023ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്. പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. പത്തുലക്ഷം രൂപയാണ് സമ്മാന തുക. ഈ മാസം 23 ന് ദില്ലിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2004ല്‍ മലയാളിയായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. ബോളിവുഡ് നടന് മിഥുന്‍ ചക്രവര്‍ത്തിക്കാണ് കഴിഞ്ഞ വര്‍ഷം ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചത്.