അശാസ്ത്രീയ മാലിന്യ സംസ്കരണം: ചെറുതാഴത്ത് അഞ്ച് സ്ഥാപനങ്ങൾക്ക് 20,500 രൂപ പിഴ

പിലാത്തറ : ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചെറുതാഴം ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യസംസ്കരണം കണ്ടെത്തി അഞ്ച് സ്ഥാപനങ്ങൾക്ക് പിഴയിട്ടു.ഏഴിലോട് ട്രാൻസ് എസിഎൻആർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പ്ലാസ്റ്റിക് മാലിന്യം സ്ഥാപനത്തിന്റെ പുറകിലെ കുഴിയിൽ തള്ളിയിരിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് 5000 രൂപ പിഴ ചുമത്തുകയും മാലിന്യം നീക്കാൻ നിർദേശവും നൽകി. മാലിന്യം വലിച്ചെറിഞ്ഞതിനും കത്തിച്ചതിനും കെവി മെറ്റൽസ് എന്ന സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി. കെഎം ഗാരേജ് എന്ന സ്ഥാപനത്തിനും 5000 രൂപ പിഴയിട്ടു. മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടതിന് അനുശ്രീ എൻജിനിയറിങ് വർക്ക്സ് എന്ന സ്ഥാപനത്തിന് 2500 രൂപ പിഴയിട്ടു. പിലാത്തറ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പിലാത്തറ ഫ്രൂട്ട്സ് സെന്റർ എന്ന സ്ഥാപനത്തിൽ മാലിന്യം വേർതിരിക്കാതെ കൂട്ടിയിട്ടതിന് 3000 രൂപയും പിഴ ചുമത്തി. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗങ്ങൾ അലൻ ബേബി, സി.കെ. ദിബിൽ, ചെറുതാഴം ഗ്രാമപഞ്ചായത്ത് ക്ലാർക്ക് എം. പ്രകാശൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.