പതിനാറുകാരന് പീഡനം; ഒരാൾകൂടി അറസ്റ്റിൽ

ചെറുവത്തൂർ (കാസർകോട്): ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കോഴിക്കോട് കസബ പോലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. കോഴിക്കോട് ഈയാട് കാവിലുംപാറ ചക്കിട്ടക്കണ്ടി അജിലാലിനെ (32) ആണ് വ്യാഴാഴ്ച കസബ പോലീസ് അറസ്റ്റ് ചെയ്തത്. . കോഴിക്കോട് കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ജെ.ജിമ്മിയുടെ നേതൃത്വത്തിൽ എഎസ്‌ഐ സജേഷ്, സീനിയർ സിപിഒ ദീപു എന്നിവർ ചേർന്നാണ് ഇരുവരെയും പിടികൂടിയത്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ആൺകുട്ടിയെ കോഴിക്കോട് നഗരത്തിലെ ലോഡ്ജിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഇതേ കേസിൽ കോഴിക്കോട് കിണാശ്ശേരിയിലെ അബ്ദുൾ മനാഫിനെ (37) ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചന്തേര പോലീസ് പയ്യന്നൂർ പോലീസിന് കൈമാറിയ കേസിൽ രണ്ടുപേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പയിലെ കണ്ണടവ്യാപാര സ്ഥാപനത്തിലെ മാനേജർ കോഴിക്കോട് അക്കുപറമ്പ് സ്വദേശി ആൽബിൻ പ്രജിത്ത് എന്ന എൻ.പി.പ്രജീഷ്, പയ്യന്നൂർ കോറോം നോർത്തിലെ സി.ഗിരീഷ് (47) എന്നിവരെയാണ് പയ്യന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി.ശ്രീഹരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ ചന്തേര പോലീസ് രജിസ്റ്റർചെയ്ത പ്രകൃതിവിരുദ്ധ പീഡനക്കേസിൽ പോക്സോ നിയമപ്രകാരം അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി. 15 പോക്സോ കേസുകൾ രജിസ്റ്റർചെയ്തതിൽ 16 പ്രതികളാണുള്ളത്. ചന്തേര സ്റ്റേഷനിൽ അന്വേഷണം നടത്തുന്ന ഒൻപത് കേസുകളിലെ 10 പ്രതികളിൽ ഒൻപതുപേർ ചൊവ്വാഴ്ച റിമാൻഡിലായി. മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂരിലെ സിറാജുദ്ദീൻ വടക്കുമ്പാടിനെയാണ് (46) ചന്തേര പോലീസിന് പിടികിട്ടാനുള്ളത്. ചന്തേരയിലും തലശ്ശേരിയിലും കൊച്ചി എളമക്കരയിലും ഓരോരുത്തർ ഉൾപ്പെടെ മൂന്നുപേരെയാണ് ഇനി പിടികിട്ടാനുള്ളത്. അറസ്റ്റിലായ ചന്തേരയിൽ ഒൻപത്, പയ്യന്നൂരിൽ രണ്ട്, കോഴിക്കോട് കസബയിൽ രണ്ടുൾപ്പെടെ 13 പ്രതികൾ റിമാൻഡിലാണ്. സിറാജുദ്ദീൻ വടക്കുമ്പാടിന് രക്ഷപ്പെടാൻ ചന്തേര പോലീസ് വഴിയൊരുക്കിയെന്നാരോപിച്ച് ബിജെപി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി രംഗത്ത്. അറസ്റ്റ് വൈകിയാൽ ബിജെപി സമരവുമായി രംഗത്തിറങ്ങുമെന്ന് തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ടി.വി.ഷിബിൻ മുന്നറിയിപ്പ് നൽകി.