‘പാസ്ബുക്ക് ലൈറ്റ്’; പിഎഫ് അക്കൗണ്ട് വിവരങ്ങൾ ഇനി എളുപ്പത്തിൽ തിരയാം

Share our post

ന്യൂഡല്‍ഹി: പിഎഫ് അംഗങ്ങള്‍ക്ക് തങ്ങളുടെ അക്കൗണ്ടിലെ വിവരങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാന്‍ ഇപിഎഫ്ഒയുടെ പോര്‍ട്ടലില്‍ ‘പാസ്ബുക്ക് ലൈറ്റ്’ എന്ന സംവിധാനം തുടങ്ങി. നിലവില്‍ ഇപിഎഫ്ഒയുടെ പാസ്ബുക്ക് പോര്‍ട്ടല്‍ വഴിയാണ് അംഗങ്ങള്‍ സംഭാവനകളും ഇടപാടുകളും പിന്‍വലിക്കലുമെല്ലാം പരിശോധിക്കുന്നത്. എന്നാലിനി https://unifiedportal-mem.epfindia.gov.in/memberinterface/ എന്ന ലിങ്കിലൂടെ പാസ്ബുക്ക് ലൈറ്റിലേക്ക് കയറാം. അതേസമയം, സമഗ്രമായ വിവരങ്ങള്‍ക്ക് പാസ്ബുക്ക് പോര്‍ട്ടലില്‍ത്തന്നെ കയറണം. ജോലിമാറുന്നവര്‍ക്ക് പിഎഫ് അക്കൗണ്ടുകള്‍ പുതിയ സ്ഥാപനത്തിലേക്ക് മാറ്റുന്നതും എളുപ്പമാക്കി. നിലവില്‍ ഫോം 13 വഴി ഓണ്‍ലൈനിലാണ് ഇത് ചെയ്യേണ്ടത്. അതിനുശേഷം ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (അനക്ഷര്‍ കെ) പഴയ പിഎഫ് ഒഫീസില്‍നിന്ന് പുതിയതിലേക്ക് അയക്കും. അതായത് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നിലവില്‍ പിഎഫ് ഓഫീസുകള്‍ തമ്മില്‍മാത്രമേ കൈമാറൂ. അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍മാത്രമേ അവര്‍ക്ക് നല്‍കിയിരുന്നുള്ളൂ. എന്നാല്‍, ഇനി ഓണ്‍ലൈനായി അംഗങ്ങള്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ ലഭിക്കും. ഇതുവഴി അക്കൗണ്ട് മാറ്റാനുള്ള അപേക്ഷയുടെ തത്സ്ഥിതി പരിശോധിക്കാനാകും. കൂടാതെ, ഇപിഎഫ്ഒയുടെ സേവനങ്ങള്‍ക്ക് ഉന്നതോദ്യോഗസ്ഥരുടെ അനുമതി വേണ്ടെന്നുവെച്ചു. പിഎഫ് ട്രാന്‍സ്ഫര്‍, സെറ്റില്‍മെന്റ്, അഡ്വാന്‍സ്, റീഫണ്ട് എന്നിവയ്ക്ക് ബഹുതല അനുമതി ആവശ്യമായിരുന്നത് നടപടിക്രമങ്ങള്‍ക്ക് കാലതാമസം വരുത്തിയിരുന്നു. എന്നാല്‍, റീജണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണര്‍ക്ക് ഇക്കാര്യത്തിലുണ്ടായിരുന്ന അധികാരം അസിസ്റ്റന്റ് പിഎഫ് കമ്മിഷണര്‍മാര്‍ക്കും അതിനു താഴെയുള്ളവര്‍ക്കുമായി നല്‍കിക്കൊണ്ടാണ് അനുമതിയുടെ ഘട്ടങ്ങള്‍ ലളിതമാക്കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!