കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റ്; 4.06 കോടി പദ്ധതിച്ചെലവിൽ സെപ്റ്റംബർ 30-ന് യാഥാർഥ്യമാകും

Share our post

കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റിന് ഇനി നഗരത്തിലുള്ളവര്‍ രണ്ടാഴ്ചകൂടി കാത്തിരുന്നാല്‍ മതിയാകും. പ്രത്യേക ഡിസൈനിലുള്ള ഉന്തുവണ്ടികള്‍ ഭൂരിഭാഗവും ബീച്ചിലെത്തി. വെള്ളിയാഴ്ച ഏതൊക്കെ ഉന്തുവണ്ടി ആര്‍ക്കാണെന്ന് നറുക്കെടുത്ത് നല്‍കും. സെപ്റ്റംബര്‍ 30-ഓടെ ഭക്ഷണത്തെരുവ് തുറന്നുകൊടുക്കാനാകുമെന്നാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ. ഭക്ഷ്യസുരക്ഷാവകുപ്പ്, ദേശീയ ആരോഗ്യദൗത്യം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍), കോര്‍പ്പറേഷന്‍ എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയുമെല്ലാം ഭക്ഷണം വിളമ്പും. ഗുണമേന്മയുള്ളതാണെന്ന് കൃത്യമായി ഉറപ്പാക്കും. ബീച്ചില്‍ 240 മീറ്റര്‍ നീളത്തിലുള്ള സ്ഥലത്താണ് ഭക്ഷണത്തെരുവ് ഒരുങ്ങുന്നത്. പ്രത്യേക പ്ലാറ്റ്ഫോം ഒരുക്കി അവിടെ ഉന്തുവണ്ടികള്‍ നിരത്തിത്തുടങ്ങി. ആകെ 90 ഉന്തുവണ്ടി കച്ചവടക്കാര്‍ക്കുള്ള സൗകര്യം ബീച്ചിലുണ്ട്. ഇപ്പോള്‍ 60-ലേറെ ഉന്തുവണ്ടികള്‍ വെച്ചുകഴിഞ്ഞു. ഒരു ഉന്തുവണ്ടിക്ക് മൂന്നുലക്ഷം രൂപവരും. ഡി എര്‍ത്താണ് ഇവ ഡിസൈന്‍ ചെയ്തത്. പൊതുമേഖലാസ്ഥാപനമായ മെറ്റല്‍ ഇന്‍ഡസ്ട്രീസാണ് വണ്ടികളുണ്ടാക്കുന്നത്. ട്രാന്‍സ്ഫോര്‍മര്‍ വെച്ചുകഴിഞ്ഞു. ഇനി ഭൂമിക്കടിയിലൂടെയുള്ള കേബിളിടണം. ഭക്ഷണത്തെരുവിന് 4.06 കോടിരൂപയാണ് പദ്ധതിച്ചെലവ്. ഇതില്‍ 2.41 കോടിരൂപ ദേശീയ നഗര ഉപജീവനദൗത്യംവഴിയും ഒരുകോടിരൂപ ഭക്ഷ്യസുരക്ഷാവകുപ്പും ശേഷിക്കുന്ന തുക കോര്‍പ്പറേഷനുമാണ് വഹിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!