‘സൂക്ഷിക്കുക പീഡനവീരനെ താങ്ങുന്നവരെ’; യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെതിരേ പോസ്റ്റർ

ശ്രീകണ്ഠപുരം: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് വിജിൽ മോഹനനെതിരേ ശ്രീകണ്ഠപുരത്ത് പോസ്റ്റർ. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ കൂടിയായ അദ്ദേഹത്തിന്റെ വാർഡുൾപ്പെടുന്ന പൊടിക്കളം ഭാഗത്താണ് വ്യാപകമായി പോസ്റ്ററുകളുള്ളത്. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള വിജിൽ മോഹനന്റെ ഫോട്ടോവെച്ച് ‘സൂക്ഷിക്കുക പീഡനവീരനെ താങ്ങുന്നവരെ’ എന്നെഴുതിയ പോസ്റ്ററാണ് പതിച്ചത്. പൂവൻകോഴിയുടെ ചിത്രം വെച്ച് ‘സൂക്ഷിക്കുക യൂത്ത് കോൺഗ്രസ് കോഴികളുണ്ട്’ ‘സൂക്ഷിക്കുക യൂത്ത് കോൺഗ്രസുണ്ട്’ എന്നിങ്ങനെ വാചകങ്ങളെഴുതിയ പോസ്റ്ററുകളും ഒട്ടിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നിയമസഭയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് നേമം ഷജീറിനൊപ്പമുള്ള ചിത്രം ‘ഹു കെയേഴ്സ്’ എന്ന കുറിപ്പോടെ വിജിൽ മോഹനൻ സാമൂഹികമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിനുപിറകെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന വ്യക്തിയെന്ന നിലയിൽ വിജിലിനെതിരെ പോസ്റ്റർ പ്രചാരണമുണ്ടായത്.
പിന്നിൽ സിപിഎം -വിജിൽ മോഹനൻ
സിപിഎമ്മുകാരാണ് ഇതിന് പിറകിലെന്നും ഇടതുകോട്ടയായിരുന്ന വാർഡിൽ ജയിച്ചപ്പോൾതൊട്ട് തുടരുന്ന അപവാദപ്രചാരണത്തിന്റെ ഭാഗമാണിതെന്നും വിജിൽ മോഹനൻ പറഞ്ഞു. സംഭവത്തിൽ ശ്രീകണ്ഠപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.