ആറളം ഫാം പുനരധിവാസ മേഖലക്ക് പേടിസ്വപ്നമായി മൊട്ടുകൊമ്പൻ

കേളകം: ആറളം ഫാം പുനരധിവാസ മേഖലയിൽ ഭീതി പരത്തി മൊട്ടുകൊമ്പനും മോഴയാനയും. മൊട്ടുകൊമ്പനും മോഴയാനയും പുനരധിവാസ മേഖലയിലെ ജനത്തിന്റെ ജീവന് ഭീഷണിയായിട്ട് കാലങ്ങളായിട്ടും കൊലയാളിയാനകളെ പിടികൂടി നാട് കടത്തണമെന്ന ആവശ്യത്തിന് പരിഹാരമായിട്ടില്ല. ആറളം ഫാം ബ്ലോക്ക് 13 ഓടച്ചാൽ ഭാഗത്ത് ബുധനാഴ്ച കണ്ടെത്തിയ മൊട്ടുകൊമ്പനെ കൊട്ടിയൂർ റേഞ്ച് വനപാലകരും റാപ്പിഡ് റെസ്പോൺസ് ടീമും ചേർന്ന് കോട്ടപ്പാറ വഴി വനത്തിലേക്ക് കടത്തി. വനത്തിലേക്ക് കടത്തിവിട്ടാലും മണിക്കൂറുകൾക്കകം ഇത്തരം ആനകൾ ഫാമിലേക്ക് മടങ്ങിയെത്തുകയാണ് പതിവ്. ഫാമിൽ കാട്ടാനയാക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ട 14 പേരിൽ അധികവും വകവരുത്തിയത് മോഴയാനയാണെന്നാണ് പുനരധിവാസ മേഖലയിലുള്ളവരും വനംവകുപ്പ് അധികൃതരും നൽകുന്ന വിവരം. അതിനാൽ കുങ്കിയാനയെ വരുത്തി ഇവയെ തളച്ച് കൂട്ടിലടക്കണമെന്ന ശക്തമായ ആവശ്യത്തിലാണ് പ്രദേശത്തുകാർ. മുമ്പ് കൊട്ടിയൂർ, ആറളം വനാതിർത്തി പ്രദേശങ്ങളെ വിറപ്പിച്ച ചുള്ളിക്കൊമ്പനെ ഇത്തരത്തിൽ പിടികൂടി കൂട്ടിലടച്ച് മുത്തങ്ങയിലേക്ക് മാറ്റിയിരുന്നു. അത്തരത്തിൽ മോഴയാനയെയും കയറ്റി അയച്ചില്ലെങ്കിൽ ആറളത്തും പരിസര പ്രദേശങ്ങളിലും ആനക്കൊലകളുടെ പട്ടിക നീളുമെന്നാണ് ജനത്തിന്റെ ഭയാശങ്ക.