ദസറ കൂപ്പൺ എടുക്കാത്തതിന്റെ പേരിൽ വ്യാപാരി നേതാവ് ഭീഷണിപ്പെടുത്തിയെന്ന് പരാതി
കണ്ണൂർ: ദസറ കൂപ്പൺ എടുക്കാത്തതിന്റെ പേരിൽ വ്യാപാരസ്ഥാപനത്തിൽ കയറി ജീവനക്കാരെ വ്യാപാരി നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. കണ്ണൂർ പഴയ ബസ് സ്റ്റാന്റിനടുത്ത ഗ്രീൻ പ്ലാസ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന വസ്ത്ര മൊത്തവ്യാപാര സ്ഥാപനമായ കൃഷ്ണ കാഷ് ഇൻ കാരി എന്ന സ്ഥാപനത്തിലാണ് ബുധനാഴ്ച വൈകീട്ട് ആറരയോടെ വ്യാപാരി വ്യവസായി ഏകോപന സമിതിനേതാവ് സലീമും മറ്റൊരു വ്യാപാരിയും എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. കണ്ണൂർ ദസറയോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങൾക്കായി കോർപറേഷൻ ഏർപ്പെടുത്തിയ സമ്മാന കൂപ്പണിന്റെ രണ്ട് ബുക്കുകൾ കഴിഞ്ഞ ദിവസം വസ്ത്ര മൊത്തവ്യാപാര സ്ഥാപനത്തിൽ ഏൽപ്പിച്ചിരുന്നു. ഇതിന്റെ പണം വാങ്ങാനെത്തിയപ്പോൾ ബുക്ക് തിരിച്ചേൽപ്പിച്ച വിരോധത്തിൽ അത് വലിച്ചെറിഞ്ഞ് ഭീഷണി മുഴക്കുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. അതേസമയം കൂപ്പൺ എടുക്കണമെന്ന് നിർബന്ധമില്ലെന്ന് കോർപറേഷൻ ജീവനക്കാർ പറഞ്ഞതായും സ്ഥാപന ഉടമ പറഞ്ഞു. സ്ഥാപന ഉടമ ഷേർസിംഗ് പോലീസിൽ പരാതി നൽകി. വ്യാപാര സ്ഥാപനത്തിൽ കയറി അതിക്രമം കാണിച്ചവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
