പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു; നായകൻ ഉണ്ണിമുകുന്ദൻ ‘മാ വന്ദേ’ ഫസ്റ്റ്ലുക്ക് പുറത്ത്

Share our post

ഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. “മാ വന്ദേ” എന്നാണ് ചിത്രത്തിൻ്റെ പേര്. നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. നരേന്ദ്ര മോദിയുടെ ശ്രദ്ധേയമായ ജീവിത യാത്രയെ ചിത്രീകരിക്കുന്നതിനാണ് ഈ ചിത്രം തയ്യാറാക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ഉയർച്ചയെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കും.അദ്ദേഹത്തിന്റെ യാത്രയിലുടനീളം സമാനതകളില്ലാത്ത പ്രചോദനത്തിന്റെ ഉറവിടമായി നിലകൊണ്ട, അദ്ദേഹത്തിന്റെ അമ്മയായ ഹീരാബെൻ മോദിയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തു കാണിക്കും. അന്താരാഷ്ട്ര നിലവാരത്തിൽ അത്യാധുനിക വിഎഫ്എക്സ്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ച് ആണ് ഈ ചിത്രം തങ്ങൾ ഒരുക്കുന്നത് എന്ന് നിർമ്മാതാക്കളായ സിൽവർ കാസ്റ്റ് ക്രിയേഷൻസ് അറിയിച്ചു. പാൻ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലീഷിലും ചിത്രം നിർമ്മിക്കും. പ്രചോദനാത്മകമായ ഈ ജീവചരിത്രത്തിലൂടെ പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു സിനിമാ അനുഭവം നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. ഛായാഗ്രഹണം – കെ. കെ. സെന്തിൽ കുമാർ ഐ. എസ്. സി, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ്- ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ- സാബു സിറിൽ, ആക്ഷൻ- കിംഗ് സോളമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ഗംഗാധർ എൻഎസ്, വാണിശ്രീ ബി, ലൈൻ പ്രൊഡ്യൂസേഴ്സ്- ടിവിഎൻ രാജേഷ്, കോ-ഡയറക്ടർ- നരസിംഹ റാവു എം, മാർക്കറ്റിംഗ് – വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ- ശബരി


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!