വായിക്കാം പഠിക്കാം ഇനി നാരായണൻ മാസ്‌റ്ററുടെ ‘വാർത്താചരിത്രം’

Share our post

കൂത്തുപറമ്പ്: ആറ് പതിറ്റാണ്ടുകാലം പത്രത്താളുകളിൽ അച്ചടിമഷി പുരണ്ട വാർത്തകൾ നോട്ട് പുസ്തകത്തിൽ എഴുതി നിധിപോലെ സൂക്ഷിച്ച പരേതനായ ടി പി നാരായണൻ മാസ്‌റ്ററുടെ ഡയറിക്കുറിപ്പുകൾ ഇനി കൂത്തുപറന്പിലെ സീനിയർ സിറ്റിസൺ ഫോറത്തിന്റെ ലൈബ്രറിയിൽനിന്ന്‌ വായിക്കാം. ദേശാഭിമാനി ഉൾപ്പെടെയുള്ള പത്രങ്ങളിൽ വന്ന വാർത്തകളാണ്‌ ദേശീയ അധ്യാപക പുരസ്കാര ജേതാവ് കൂടിയായ കൂത്തുപറമ്പ് പഴയനിരത്തിലെ നാരായണൻ മാസ്‌റ്റർ 61 വർഷമായി 350 നോട്ട് പുസ്തകങ്ങളിലായി എഴുതി സൂക്ഷിച്ചത്. ദേശീയ, അന്തർദേശീയ, പ്രാദേശിക വാർത്തകൾ നാല് നിറങ്ങളുള്ള മഷി ഉപയോഗിച്ചാണ് കുറിച്ചുവച്ചത്. പ്രധാനപ്പെട്ട വാർത്തകൾ ചുവപ്പ് മഷിയിൽ എഴുതി. 1971 ലെ ഇന്ത്യ –പാക്ക് യുദ്ധം, ബംഗ്ലാദേശിന്റെ പിറവി, 1975 ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യം, ഇന്ദിരാഗാന്ധിയുടെ പരാജയം, സംസ്ഥാന മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ, കാർഗിൽ യുദ്ധം, ജില്ലയിൽ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ ഉൾപ്പെടെയുള്ള വാർത്തകൾ ഡയറിയിലുണ്ട്‌. ഇരുപതിനായിരത്തിലധികം വിഷയങ്ങളുടെ ശേഖരമാണ് ഡയറി. കൂത്തുപറമ്പ്, തലശേരി മേഖലകളിലെ ചരമ വാർത്തകൾ ഫോട്ടോ സഹിതം വെട്ടി ഒട്ടിച്ച നാല് വലിയ പുസ്തകങ്ങളുമുണ്ട്. 2024 സെപ്‌തംബർ ആറിന് മരിക്കുന്നതിന്‌ ആഴ്ചകൾക്ക് മുമ്പ് വരെയും വാർത്തകൾ കുറിച്ചുവച്ചിരുന്നു. അപൂർവമായ ഡയറി ശേഖരത്തെക്കുറിച്ച് വാർത്തയാക്കാൻ മാഷ്‌ ജീവിച്ചിരിക്കെ പല മാധ്യമ പ്രവർത്തകരും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി കുമാരന്റെ ഇടപെടലിലാണ്‌ ഇപ്പോൾ വാർത്താ ഡയറിക്കുറിപ്പുകൾ ലൈബ്രറിയുടെ ഭാഗമാകുന്നത്‌. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന്റെ ഭാര്യ ടി പി യമുന നാരായണൻ മാഷുടെ സഹോദരിയുടെ മകളാണ്‌. ബുധൻ പകൽ 3.30ന് കൂത്തുപറമ്പിൽ നടക്കുന്ന ചടങ്ങിൽ പി ജയരാജൻ ഡയറി ശേഖരം കൂത്തുപറന്പിൽ പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ ഫോറത്തിന്റെ സംസ്ഥാനകമ്മിറ്റി ഓഫീസിൽ പ്രവർത്തിക്കുന്ന ലൈബ്രറിക്ക് കൈമാറും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!