കാർഷിക സർവകലാശാല യുജി കോഴ്‌സ് പ്രവേശനം, അവസാന തീയതി സെപ്റ്റംബർ 17; അറിയാം സ്‌കോളർഷിപ്പുകൾ

Share our post

നീറ്റ് യു.ജി 2025 സ്‌കോറിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ കാര്‍ഷിക, കാര്‍ഷിക അനുബന്ധ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിച്ചവര്‍ക്ക് സെപ്റ്റംബര്‍ 17-നകം പ്രവേശനം ലഭിച്ച കോളേജില്‍ ഫീസടച്ച് റിപ്പോര്‍ട്ട് ചെയ്യാം. അലോട്‌മെന്റ് മെമ്മോയിലെ നിശ്ചിത തുക ഓണ്‍ലൈനായി അടയ്ക്കണം. ബി.എസ്.സി അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി സയന്‍സ്, ഫിഷറീസ്, കോപ്പറേഷന്‍ & ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് & എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബയോടെക്‌നോളജി എന്നിവയാണ് ബിരുദതല കോഴ്‌സുകള്‍. കാര്‍ഷിക സര്‍വകലാശാല ആരംഭിച്ച നാലുവര്‍ഷ ബി.എസ്.സി ഹോര്‍ട്ടികള്‍ച്ചര്‍ കോഴ്സ് 2025-ലെ വിജ്ഞാപനത്തിലില്ല. അതിന് പ്രത്യേക വിജ്ഞാപനം സര്‍വകലാശാല പുറത്തിറക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 3 മുതല്‍ സര്‍വകലാശാല ഫീസിനത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. ഫീസ് വര്‍ദ്ധനവ് ഇപ്പോള്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കല്ല, മറിച്ച് പുതുതായി പ്രവേശനം നേടുന്നവര്‍ക്കാണ്. എന്നാല്‍, ഉയര്‍ന്ന ഫീസ് താങ്ങാന്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥികള്‍ക്കായി സര്‍വകലാശാല പ്രത്യേക വൈസ്ചാന്‍സലേഴ്‌സ്‌ ‘മെറിറ്റ് കം മീന്‍സ്’ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ആദ്യ സെമെസ്റ്ററില്‍ ആദ്യ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം അഞ്ചു ലക്ഷം രൂപയില്‍ കവിയരുത്. മൊത്തം ഫീസിന്റെ 10 ശതമാനം തുക വൈസ് ചാന്‍സലേര്‍സ് മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് നീക്കിവെക്കും. അപേക്ഷകര്‍ മറ്റു സ്‌കോളര്‍ഷിപ്പുകള്‍, ലഭിക്കുന്നവരാകരുത്. വിദ്യാര്‍ഥികള്‍ നിശ്ചിത അക്കാദമിക് നിലവാരം പുലര്‍ത്തേണ്ടതുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷിക കോഴ്‌സുകള്‍ പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് ഉപകരിക്കും. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പ്രതിവര്‍ഷം 10 ലക്ഷത്തിലേറെ ഫീസ് നല്‍കിയാണ് അയല്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷിക, അനുബന്ധ കോഴ്‌സുകള്‍ക്ക് ചേരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!