കണ്ണൂര്‍ കുറുവയില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു

കണ്ണൂര്‍: കുറുവയില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു. വയനാട് പിണങ്ങോട് അമ്പലക്കുന്നിലെ എ.കെ ജിജിലേഷിന്റെ ഭാര്യ കെ.സി ശ്രീനിത (32) ആണ് മരിച്ചത്. കല്‍പറ്റ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഐടി അധ്യാപകിയാണ് ശ്രീനിത. ഇന്നലെ വൈകുന്നേരം 3.30ഓടെ കുറുവ പള്ളിക്ക് സമീപം ശ്രീനിത സഞ്ചരിച്ച വാഗണ്‍ ആര്‍ കാറില്‍ എതിരെ വന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീനിത ചാല ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ശ്രീനിതയുടെ ഭര്‍ത്താവ് ജിജിലേഷ് (33), മക്കളായ ആരാധ്യ (11), ആത്മിക (നാല്) എന്നിവര്‍ക്കും പരിക്കേറ്റു. അപകടത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിനും കേടുപാടുകള്‍ സംഭവിച്ചു.