വി.ഡി സതീശന്‍റെ നിലപാട് തള്ളി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ

Share our post

തിരുവനന്തപുരം: ലൈംഗിക ആരോപണത്തെത്തുടർന്നുള്ള വിവാദ കൊടുങ്കാറ്റിനിടെ ആകാംക്ഷകൾക്ക് വിരാമമിട്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നിലപാട് തള്ളിയാണ് രാഹുൽ നിയമസഭയിലെത്തിയത്. നിയമസഭയിലെത്തിയതിന് പിന്നാലെ പാലക്കാട് മണ്ഡലത്തിലും രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകും. രാഹുൽ ശനിയാഴ്ച പാലക്കാട് എത്തും. പൊതുപരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം. തുടര്‍ന്ന് ഞായറാഴ്ച മടങ്ങും. വരും ദിവസങ്ങളിലും രാഹുൽ നിയമസഭയിലെത്തും. അതേസമയം, പൊതുപരിപാടിയിൽ പങ്കെടുക്കാൻ രാഹുലിനെ അനുവദിക്കില്ലെന്നാണ് ഡിവൈഎഫ്ഐയും ബിജെപിയും വ്യക്തമാക്കുന്നത്. അന്തരിച്ച മുൻ നിയമസഭാ സമാജികര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനിടെ എംഎൽഎയുടെ ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യവാഹനത്തിലാണ് ഇന്ന് രാവിലെ 9.20ന് രാഹുൽ സഭയിലേക്ക് എത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും അടൂരിലെ വിശ്വസ്തനുമായ റെനോ പി. രാജൻ, തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീർ , എംഎൽഎയുടെ സഹായി ഫസൽ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. പ്രതിപക്ഷനിരയുടെ ഏറ്റവും പിന്നിൽ പ്രത്യേക ബ്ലോക്കായാണ് രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ ഇരുന്നത്. മുൻപ് പിവി അൻവര്‍ ഇരുന്ന സീറ്റാണിത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ ഇന്ന് സഭയിലെത്തിയത്. അടൂരിലെ വീട്ടിൽ നിന്ന് ഇന്ന് പുലര്‍ച്ചെ അതീവ രഹസ്യമായിട്ടാണ് രാഹുൽ തിരുവനന്തപുരത്തേക്ക് തിരിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!