ആക്രി പെറുക്കി സിനിമ പിടിക്കാൻ കുട്ടികൾ

പിണറായി: താരമൂല്യമുള്ള സിനിമകൾ നിർമിക്കുമ്പോൾ പണം മുടക്കാൻ നിരവധിപേർ തയ്യാറാകും. എന്നാൽ ജനകീയ സിനിമകൾ നിർമിക്കുമ്പോൾ പ്രധാന പ്രശ്നം പണം കണ്ടെത്തലാണ്. പിണറായി വെസ്റ്റ് സി മാധവൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ജനകീയ സിനിമയ്‌ക്കുവേണ്ടി ആക്രി ശേഖരിച്ച് പണം കണ്ടെത്തുകയാണ് കുട്ടികൾ. വായനശാല പരിധിയിലെ മുഴുവൻ വീടുകളിലും കയറി പഴയ സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തി അതിലൂടെ ലഭിക്കുന്ന കാശ് സിനിമാ നിർമാണത്തിന് ബാലവേദി പ്രവർത്തകർ നൽകും. ധ്യാൻ ഷാൻ, വവി കെ യദുനന്ദ്, കെ ദിയാന, വി സങ്കീർത്ത്, കെ ശിവകീർത്ത്, നിവേദ് ശ്രീഹരി എന്നിവർ നേതൃത്വം നൽകുന്നു. ടി ദീപേഷ് സംവിധാനം ചെയ്യുന്ന ‘സുദീപ്തം’ സിനിമയുടെ ചിത്രീകരണം സെപ്‌തംബർ 20 മുതൽ 30 വരെ നടക്കും. സ്വിച്ച് ഓൺ 0 ന് രാത്രി ഏഴിന് വായനശാല പരിസരത്ത് നടക്കുന്ന ചടങ്ങിൽ എം വിജിൻ എംഎൽഎ നിർവഹിക്കും.