ജീവൻ കവർന്ന് അമീബ: കിണർ വെള്ളം നിർബന്ധമായും ക്ലോറിനേറ്റ് ചെയ്യണം; ജാഗ്രത

Share our post

കണ്ണൂർ:  അമീബിക് മസ്തിഷ്കജ്വരത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യകരമായ ശീലങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.പിയൂഷ്‌ എം.നമ്പൂതിരിപ്പാട് അറിയിച്ചു. കുളിക്കാൻ ഉപയോഗിക്കുന്ന കിണർവെള്ളം നിർബന്ധമായി ക്ലോറിനേറ്റ് ചെയ്യണം. വെള്ളത്തിലെ അമീബയെ നശിപ്പിക്കാൻ ക്ലോറിനേഷൻ ഫലപ്രദമാണ്. പ്രധാനമായും മൂക്കിലൂടെയാണ് അമീബ തലച്ചോറിലേക്ക് പ്രവേശിച്ചിട്ടുള്ളത്. അതിനാലാണു കെട്ടിക്കിടക്കുന്ന വെള്ളത്തിലെ മുങ്ങിക്കുളിയും ഡൈവ് ചെയ്യുന്നതും ഒഴിവാക്കാൻ നിർദേശിക്കുന്നത്. ജില്ലയിൽ മസ്തിഷ്ക ജ്വര ലക്ഷണവുമായി ബന്ധപ്പെട്ട കേസുകൾ റിപ്പോർട്ട്‌ ചെയ്യാൻ ജില്ലയിലെ ആശുപത്രികൾക്ക് ഡിഎംഒ നിർദേശം നൽകി.

നീന്തൽക്കുളം ഒരുക്കുമ്പോൾ

∙ ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണമായി ഒഴുക്കിക്കളയുക.
∙ സ്വിമ്മിങ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക.
∙ പ്രതലങ്ങൾ നന്നായി ഉണങ്ങാൻ അനുവദിക്കുക. ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കുക.
∙ പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കുക,
∙ വെള്ളത്തിന്റെ അളവിനനുസരിച്ച് (5 ഗ്രാം ബ്ലീച്ചിങ് പൗഡർ 1,000 ലീറ്റർ വെള്ളത്തിന് എന്ന അനുപാതത്തിൽ) ക്ലോറിനേറ്റ് ചെയ്യുക, ക്ലോറിൻ ലവൽ 0.5 പിപിഎം മുതൽ 3 പിപിഎം ആയി നിലനിർത്തുക.

അമീബിക് മസ്തിഷ്കജ്വരം

∙ നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യും. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പകരില്ല. രോഗാണുബാധ ഉണ്ടായാൽ 5 മുതൽ 10 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.

ലക്ഷണങ്ങൾ

∙ തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്.
∙ രോഗം ഗുരുതരാവസ്ഥയിലായാൽ ഓർമക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവയുമുണ്ടാകും.
കുഞ്ഞുങ്ങളിലെ ലക്ഷണങ്ങൾ
∙ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ.

പ്രതിരോധിക്കാം

∙ വെള്ളമാണ് വില്ലൻ. നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.
∙ മലിനമായതും കെട്ടിക്കിടക്കുന്നതുമായ വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണമായും ഒഴിവാക്കുക.
∙ വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ്‌ പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!