മട്ടന്നൂരിന് വീണ്ടും അംഗീകാരം

മട്ടന്നൂർ: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 2023–-24 ആര്‍ദ്ര കേരളം പുരസ്‌കാരത്തിൽ മട്ടന്നൂർ നഗരസഭയ്‌ക്ക് രണ്ടാം സ്ഥാനം. അഞ്ചുലക്ഷം രൂപ സമ്മാനമായി ലഭിക്കും. കേന്ദ്ര സർക്കാരിൽനിന്ന് ദേശീയ അംഗീകാരം നേടിയതിന് പിന്നാലെയാണ് സംസ്ഥാനതലത്തിലും നഗരസഭ നേട്ടം കൊയ്തത്. സംസ്ഥാനത്ത് ആദ്യമായി ഒരേസമയം മൂന്ന് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ആരംഭിച്ചത് മട്ടന്നൂർ നഗരസഭയിലാണ്. കല്ലൂർ, വെമ്പടി, ഉരുവച്ചാൽ എന്നിവിടങ്ങളിൽ സ്ഥാപിച്ച സെന്ററുകൾ നൂറുകണക്കിന് രോഗികൾക്ക് ഉപകാരപ്പെടുന്നു. പൊറോറ അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ കീഴിൽ നടപ്പാക്കിയ വിവിധ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ, വാർഡുകളിൽ സംഘടിപ്പിച്ച ആരോഗ്യമേളകൾ, മികച്ചശുചിത്വ, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ, ഹരിത വിദ്യാലയ പ്രവർത്തനങ്ങൾ, അങ്കണവാടികളിലൂടെ നടത്തുന്ന പോഷകാഹാര വിതരണ പദ്ധതി, മികച്ച ഭിന്നശേഷി പുനരധിവാസ കേന്ദ്രം, മട്ടന്നൂർ സിഎച്ച്സിയുടെ വാക്സിനേഷൻ ക്യാമ്പയിനുകൾ, കാര്യക്ഷമമായ പ്രൈമറി, സെക്കൻഡറി പാലിയേറ്റീവ് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ, കേന്ദ്ര സർക്കാരിന്റെ ഹെൽത്ത് ഗ്രാൻഡിന്റെ കാര്യക്ഷമമായ വിനിയോഗം ജീവിതശൈലീ രോഗ നിയന്ത്രണ ക്ലിനിക്കിന്റെ മികവ്, വയോമിത്രം ക്യാമ്പുകളുടെ ഫലപ്രദമായ ഉപയോഗം, ആയുർവേദ ആശുപത്രിയുടെ പ്രവർത്തന മികവ് എന്നിവയാണ് നഗരസഭയെ അവാർഡിന് അർഹമാക്കിയത്. ഉത്തരവാദിത്തം വർധിക്കുന്നു മട്ടന്നൂർ നഗരസഭയ്‌ക്ക് ലഭിക്കുന്ന നേട്ടങ്ങൾ ഉത്തരവാദിത്തം വർധിപ്പിക്കുകയാണ്. ആരോഗ്യ പ്രവർത്തകരുടെയും നഗരസഭാ ഭരണസമിതി അംഗങ്ങളുടെയും പരിപൂർണമായ പിന്തുണയും സഹകരണവും ഉള്ളതുകൊണ്ടാണ് നേട്ടം കൈവരിക്കാനായത്. ലഭ്യമായ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയാണ് നഗരസഭയിലെ ആരോഗ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് ചെയർമാൻ എൻ ഷാജിത്ത് പറഞ്ഞു.