ദേശീയ മികവിലെത്തിയ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആദരം ഒരുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാക്ക് എ++, എ+, എ ഗ്രേഡുകൾ നേടിയതും എൻഐആർഎഫ്, കെഐആർഎഫ് റാങ്കിങ്ങിൽ മുന്നിലെത്തിയതുമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ആദരിക്കും. മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സെലൻസ് നൽകിയുള്ള എക്സലൻഷ്യ 2025 സെപ്റ്റംബർ 15, 16 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. 15ന് ഉച്ചക്ക് 2.30ന് ടാഗോർ തീയേറ്ററിൽ നടക്കുന്ന ചടങ്ങ് ഉന്നതവിദ്യാഭ്യാസ–-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്യും. നാക്ക്, എൻഐആർഎഫ്, കെഐആർഎഫ് നേട്ടങ്ങൾ കരസ്ഥമാക്കിയ 145 സ്ഥാപനങ്ങൾക്കാണ് ആദരം. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷുറൻസ് സെൽ കേരളയും (എസ്എൽക്യുഎസി കേരള) ചേർന്നാണ് പരിപാടി ഒരുക്കുന്നത്. സർവകലാശാലകളുടെ വൈസ് ചാൻസലർമാർ, രജിസ്ട്രാർമാർ, സിൻഡിക്കേറ്റ് അംഗങ്ങൾ, അക്കാഡമിക് കൗൺസിൽ അംഗങ്ങൾ, ഐക്യുഎസി ഡയറക്ടമാർ, സർക്കാർ, -എയ്ഡഡ്, -അൺ എയഡഡ് സ്ഥാപനങ്ങളിലെ മാനേജർമാർ, പ്രിൻസിപ്പൽമാർ, ഐക്യുഎസി കോ–ഓർഡിനേറ്റർമാർ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് അധ്യക്ഷയാകും. ബാംഗ്ലൂർ നാക്കിലെ അഡ്വൈസർ ഡോ. ദേവേന്ദർ കാവഡേ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ആസൂത്രണ ബോർഡംഗം പ്രൊഫ. ജിജു പി അലക്സ് പ്രത്യേക പ്രഭാഷണം നടത്തും. എസ്എൽക്യുഎസി കേരളയുടെ എക്സിക്യൂട്ടീവ്, ഗവേണിങ് ബോഡി അംഗങ്ങൾ സംസാരിക്കും. രാവിലെ വിവിധ അക്കാദമിക് സെഷനുകൾ നടക്കും. ഡോ.എം പി രാജൻ, ഡോ. ഷഫീഖ് വടക്കൻ, ശ്രീ. രവീൺ നായർ എന്നിവർ സംസാരിക്കും. മാർ ഇവാനിയോസ് കോളേജിലെ ഗിരിദീപം ഓഡിറ്റോറിയത്തിൽ 16ന് നടക്കുന്ന ഐക്യുഎസി കോ–ഓർഡിനേറ്റർമാരുടെ ശില്പശാലയുടെ അവസാനം വാർഷിക പ്രവർത്തനരേഖ പുറത്തിറക്കും.