കാട്ടുപന്നിശല്യത്തിൽ പൊറുതിമുട്ടി കർഷകർ

Share our post

ഇരിട്ടി : ഇരിട്ടി നഗരസഭയിലെ വളോര, വട്ടക്കയം, പന്നിമൂല ഭാഗങ്ങളിൽ രൂക്ഷമായ കാട്ടുപന്നിശല്യത്തെ പ്രതിരോധിക്കാൻ നടപടിയില്ലാത്തത് കർഷകരെ ആശങ്കയിലാക്കുന്നു. നെല്ല്, വാഴ, പച്ചക്കറി, മരച്ചീനി ഉൾപ്പെടെ വ്യാപകമായി നിശിപ്പിക്കുകയാണ്. കൂട്ടമായാണ് പന്നികൾ കൃഷിയിടത്തിലേക്കെത്തുന്നത്. കർഷകർ കൂട്ടായും ഭൂമി പാട്ടത്തിനെടുത്തും തരിശിടങ്ങളിലും നടത്തിയ കൃഷിയാണ് വ്യാപകമായി നശിപ്പിക്കുന്നത്. ജീവനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം അതത് മേഖലയിലെ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയ ഉത്തരവുണ്ടെങ്കിലും ഇതിന്റെ പ്രയോജനം പ്രദേശത്തെ കർഷകർക്ക് ലഭിക്കുന്നില്ല. നഗരസഭയിൽ തോക്ക് ലൈസൻസുള്ളവർ ഏറെ ഉണ്ടെങ്കിലും വെടിവെക്കാൻ എത്തുന്നവർക്ക് പണം കൊടുക്കാൻ സംവിധാനമില്ല. വളോരയിലെ പി.കെ. ബിജുവിന്റെ രണ്ട് ഏക്കറോളം വരുന്ന നെൽക്കൃഷിയാണ് പന്നിക്കൂട്ടം പൂർണമായും നശിപ്പിച്ചത്. കൂട്ടമായി എത്തിയ പന്നികൾ നെൽപ്പാടത്ത് തലങ്ങും വിലങ്ങും ഓടിയും കുത്തിയും മറ്റും കൃഷിനശിപ്പിച്ചു. പ്രദേശത്തെ ഒട്ടേറെ പേരുടെ വാഴകളും കുത്തിനശിപ്പിച്ചു. പി.കെ. സജേഷിന്റെ മൂന്ന് ഏക്കറിലധികം വരുന്ന പച്ചക്കറിക്കൃഷിയിലും വ്യാപകമായ നാശം വരുത്തി. പ്രദേശത്തെ സുരേഷ്, ബിജു, അനിൽകുമാർ, അസൈനാർ, ഇബ്രാഹിംകുട്ടി, പ്രശാന്തൻ, വിജയൻ, തമ്പാൻ, ഉണ്ണികൃഷ്ണൻ എന്നിവരുടെ കൃഷികളും നശിപ്പിച്ചിട്ടുണ്ട്. പ്രദേശം കാട്ടുപന്നികളുടെ താവളമായിട്ടും അധികൃതർ കൈയുംകെട്ടി നോക്കിനിൽക്കുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!