നടാലിൽ അടിപ്പാത നിർമിക്കണം: -മുഖ്യമന്ത്രി

നടാൽ: നടാലില്‍ ബസുകള്‍ക്കുകൂടി സഞ്ചരിക്കാവുന്ന തരത്തില്‍ അടിപ്പാത നിർമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നടാലിൽ ബസ് ഉടമകളും നാട്ടുകാരും പ്രതിഷേധത്തിലാണ്. ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ ബസുകൾ നടാൽ ഗേറ്റിൽനിന്ന് ചാലവരെ സഞ്ചരിച്ച് തിരിച്ചുവരേണ്ടി വരും. ഇത് പ്രത്യേക കേസായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ദേശീയപാത നിര്‍മാണ പ്രവൃത്തിക്ക് തടസമുണ്ടാകാതെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കലക്ടറും പൊലീസ് മേധാവിയും മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ദേശീയപാത 66ൽ നടാൽ ഒ കെ യുപി സ്കൂളിന് സമീപം അടിപ്പാത നിർമിക്കണമെന്ന ആവശ്യവുമായി ബസ് ഉടമകളും നാട്ടുകാരും വിവിധങ്ങളായ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ സത്യഗ്രഹ സമരവും നടന്നു. തിരുവനന്തപുരത്ത് വ്യാഴാഴ്ച നടന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി മുന്നോട്ടുവച്ച നിർദേശത്തെ പ്രതീക്ഷയോടെയാണ് നാട്ടുകാരും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും കാണുന്നത്. കലക്ടറുടെയും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും നേതൃത്വത്തിൽ നടക്കാനിരിക്കുന്ന യോഗത്തിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ. തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, പി രാജീവ്, കെ കൃഷ്ണന്‍കുട്ടി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, പിഡബ്ല്യുഡി സെക്രട്ടറി കെ ബിജു, കലക്ടര്‍മാര്‍, ദേശീയപാത അതോറിറ്റി റീജണല്‍ ഓഫീസര്‍ കേണല്‍ എ കെ ജാന്‍ബാസ് തുടങ്ങിയവരാണ് പങ്കെടുത്തത്.