അഗ്നിരക്ഷാസേനയ്ക്ക് കരുത്തേകാൻ ഡ്രോൺ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ

തീയണയ്ക്കാനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ഡ്രോണും ഫസ്റ്റ് റെസ്പോൺസ് വാഹനങ്ങളും മൾട്ടി ഗ്യാസ് ഡിറ്റക്ടറും ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി അഗ്നിരക്ഷാസേന. ബഹുനിലക്കെട്ടിടങ്ങളിലെ തീയണയ്ക്കാനും രക്ഷാപ്രവർത്തനത്തിനും പ്രയോജനപ്പെടുന്ന ഏരിയൽ ലാഡർ പ്ലാറ്റ്ഫോം വാങ്ങുന്നതിന് പിന്നാലെയാണ് ഇവയും സേനയുടെ ഭാഗമാകുന്നത്. തീപ്പിടിത്തവും മറ്റ് അത്യാഹിതങ്ങളുമുണ്ടാകുന്നിടങ്ങളിൽ നിരീക്ഷണത്തിനും രാത്രി വെളിച്ച സംവിധാനങ്ങൾ വഹിക്കാനും ശേഷിയുള്ള നാല് ഡ്രോണുകളാണ് വാങ്ങുന്നത്. ഒന്നിന് 25 ലക്ഷം രൂപയോളം വരും. ദുരന്തമുഖങ്ങളിൽ ആദ്യമെത്താനുള്ളതാണ് ഫസ്റ്റ് റെസ്പോൺസ് വാഹനങ്ങൾ. ചെറിയ റോഡുകളിലൂടെ ഉൾപ്രദേശങ്ങളിലും വേഗത്തിലെത്താനാകും ഇവയ്ക്ക്. 55 ലക്ഷം രൂപ വില വരുന്ന 20 വാഹനങ്ങൾ വാങ്ങാനാണ് തീരുമാനം. ഇതിനുപുറമേ തീയണയ്ക്കാനുള്ള നാല് ഫോം ടെൻഡറും അഞ്ച് വാട്ടർലോറിയും വാങ്ങുന്നുണ്ട്. ഇതിനുപുറമെ ഒരു ക്രൈസിസ് മാനേജ്മെന്റ് വാഹനവും 10 മൾട്ടിയൂട്ടിലിറ്റി വാഹനവും 25 ജീപ്പും സേന സ്വന്തമാക്കുന്നുണ്ട്.