വിദ്യാർഥികള്‍ രോഗികളാകുന്നു: ഷുഗർ,ഓയിൽ ബോർഡുകൾ സ്ഥാപിക്കാൻ യുജിസി നിർദേശം

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് ഷുഗർ, ഓയിൽ ബോർഡുകൾ സ്ഥാപിക്കണമെന്ന് യുജിസി നിർദേശിച്ചു. ആഹാരത്തിൽ എണ്ണയുടെയും പഞ്ചസാരയുടെയും ഉപയോഗം വർധിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്നും യുവാക്കളെ പെട്ടെന്നു രോഗികളാക്കുന്നുവെന്നും വിലയിരുത്തിയാണ് നിർദേശം. പഞ്ചസാരയുടെയും എണ്ണയുടെയും ആരോഗ്യപ്രശ്നങ്ങൾ ബോർഡിൽ വിശദീകരിക്കണം. ഇവയ്ക്കു പകരം എന്തുപയോഗിക്കാമെന്നും നല്ല ആരോഗ്യശീലങ്ങൾ എന്തൊക്കെയെന്നും വിശദീകരിക്കണമെന്നും നിർദേശിക്കുന്നു. ശരീരത്തിലെ പഞ്ചസാരയുടെ അളവുമായി ബന്ധപ്പെട്ട വിവരങ്ങൾ, ശീതളപാനീയം ഉൾപ്പെടെയുള്ളവയിലെ പഞ്ചസാരയുടെ അളവ്, ഉയർന്ന പഞ്ചസാര ശരീരത്തിലുണ്ടാക്കുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം ഷുഗർ ബോർഡിൽ ഉൾപ്പെടുത്തണം. ഓയിൽ ബോർഡിലും അനുബന്ധ വിവരങ്ങൾ നൽകണം. ബോധവൽക്കരണ സെമിനാറുകൾ ഉൾപ്പെടെ സ്കൂളുകളിൽ നടത്തണം.