കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലും പുരുഷന്മാര്‍; അധികവും വിവാഹിതർ

കോഴിക്കോട്:സംസ്ഥാനത്ത് ആത്മഹത്യചെയ്യുന്നവരുടെ നിരക്ക് ഉയരുമ്ബോള്‍ അതിലേറെയും പുരുഷന്മാർ. 2024-ല്‍ സംസ്ഥാനത്ത് 8865 പുരുഷന്മാരാണ് ആത്മഹത്യചെയ്തത്. അതേസമയം, 1999 സ്ത്രീകളാണ് ജീവിതമവസാനിപ്പിച്ചത്. 82 ശതമാനമാണ് പുരുഷ ആത്മഹത്യാനിരക്ക്. 15 വയസ്സിന് താഴെയുള്ള 54 കുട്ടികളും ആത്മഹത്യചെയ്തിട്ടുണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളെ അടിസ്ഥാനമാക്കി എരഞ്ഞിപ്പാലം തണല്‍ ആത്മഹത്യാപ്രതിരോധകേന്ദ്രമാണ് പഠനം നടത്തിയത്. 2014-ല്‍ 8446 പേർ ആത്മഹത്യചെയ്തപ്പോള്‍, 2024-ല്‍ അത് 10,865 പേരായി. 10 വർഷത്തിനിടെ 28.6 ശതമാനമാണ് വർധന. 30-60 പ്രായത്തിനിടയിലാണ് 53 ശതമാനം ആത്മഹത്യകളും. 30-45 പ്രായത്തില്‍ 2676 പേരും 46-59 പ്രായത്തിലുള്ള 3081 പേരും ജീവിതമവസാനിപ്പിച്ചു. 15-29 പ്രായത്തിലുള്ളത് 2012 പേരാണ്. പാശ്ചാത്യരാജ്യങ്ങളില്‍നിന്ന് വിഭിന്നമായി വിവാഹിതരാണ് ആത്മഹത്യചെയ്യുന്നവരിലേറെയും. 76.1 ശതമാനം വരുമിത്.
ജില്ല ആത്മഹത്യാനിരക്ക് (2024)
തിരുവനന്തപുരം 1270
എറണാകുളം 1089
തൃശൂർ 1062
പാലക്കാട് 902
കോഴിക്കോട് 820
കാസർകോട് 346
വയനാട് 337
കണ്ണൂർ 757
ആലപ്പുഴ 748
കോട്ടയം 573
മലപ്പുറം 533
ഇടുക്കി 428
പത്തനംതിട്ട 362
മരിച്ചവരില്‍ നിരക്ഷരർ 1.3 ശതമാനമാണ്. എന്നാല്‍, ഹൈസ്കൂള്‍-പ്ലസ്ടു വരെയൊക്കെ പഠിച്ചവരാണ് 57 ശതമാനവും. 38.8 ശതമാനവും ദിവസക്കൂലിക്കാരാണ്. കുടുംബം ഒന്നിച്ച് ആത്മഹത്യചെയ്ത ഒൻപത് സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
സ്ത്രീകള്‍ പൊതുവേ പ്രശ്നങ്ങളുണ്ടായാല്‍ തുറന്നുപറയുകയും സഹായംതേടുകയും ചെയ്യുന്നവരാണ്. എന്നാല്‍, പുരുഷന്മാർ അത്തരത്തില്‍ സഹായംതേടില്ല. അതുകൊണ്ടുതന്നെയാണ് പുരുഷന്മാരില്‍ ആത്മഹത്യ കൂടുന്നതെന്നാണ് വിലയിരുത്തല്‍. അതേസമയം, ആത്മഹത്യാശ്രമം സ്ത്രീകളിലാണ് കൂടുതല്‍. മൂന്നുസ്ത്രീകള്‍ ശ്രമം നടത്തുമ്ബോള്‍ ഒരു പുരുഷനാണ് അത്തരം ശ്രമം നടത്തുന്നത്.
കാരണങ്ങള്‍
കുടുംബപ്രശ്നം (54 ശതമാനം)
മാനസിക-ശാരീരിക പ്രശ്നങ്ങള്‍ (18.7)
ലഹരി (10.2)
സാമ്ബത്തികം (3.6)
പ്രണയം (2.7)
തൊഴിലില്ലായ്മ (0.9)
തൊഴില്‍ (1.5)
പരീക്ഷയിലെ തോല്‍വി (0.5)
ആത്മഹത്യ: പരിഹാരമല്ല, പ്രതിരോധമാണ് വേണ്ടത്
കുടുംബബന്ധങ്ങളിലെ വിള്ളലുകളാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്. അതുകണ്ടെത്തി പരിഹരിക്കണം. മറ്റുനാടുകളില്‍ അവിവാഹിതരും ഒറ്റയ്ക്കുകഴിയുന്നവരുമാണ് കൂടുതല്‍ മരിക്കുന്നത്. കുടുംബമെന്ന സുരക്ഷയില്‍നിന്ന് എന്തുകൊണ്ട് മാറുന്നുവെന്ന് പഠിക്കണം. ഓരോ പഞ്ചായത്തിലും കൗണ്‍സലിങ് സൗകര്യം ഒരുക്കണം. അവിടെ നമുക്ക് തുറന്നുപറയാനുള്ള അന്തരീക്ഷമുണ്ടാകണം. ചികിത്സ വേണമെങ്കില്‍ അതിലേക്ക് നയിക്കാൻപറ്റണം. 2015-ല്‍ ആത്മഹത്യ കൂടുതലായിരുന്നെങ്കിലും തുടർന്നുള്ള നാലുവർഷം കുറഞ്ഞിരുന്നു. പിന്നീട് കൂടി. അതിനുള്ള കാരണം കണ്ടെത്താനാവണം. പ്രശ്നപരിഹാരത്തിന് കൃത്യമായ മാർഗരേഖ തയ്യാറാക്കണം.
-ഡോ. പി.എൻ. സുരേഷ്കുമാർ (തണല്‍ സ്ഥാപക ഡയറക്ടർ)
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുണ്ടാകുമ്ബോള്‍ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. ദിശ ഹെല്‍പ്പ് ലൈൻ: 1056, 0471-2552056