വന്നത് മണ്ണെണ്ണ പെർമിറ്റിന്റെ സാക്ഷ്യപത്രത്തിന്; കിട്ടിയത് വീടുനിറയെ വെളിച്ചം

Share our post

കണ്ണൂർ: മണ്ണെണ്ണ പെർമിറ്റിനാവശ്യമായ സാക്ഷ്യപത്രത്തിന് കെഎസ്ഇബി ഓഫീസിലെത്തിയ വീട്ടമ്മയ്ക്ക് ജീവനക്കാർ സമ്മാനിച്ചത് വീടുനിറയെ വെളിച്ചം. കെഎസ്ഇബി പെരളശേരി സെക്‌ഷനിലെ ജീവനക്കാരാണ് വീടിന്റെ വയറിങ് ഉൾപ്പെടെ നടത്തി വൈദ്യുതി കണക്‌ഷൻ നൽകിയത്.വൈദ്യുതിയില്ലാത്ത വീട്ടിൽ വിളക്ക് കത്തിക്കാൻ മണ്ണെണ പെർമിറ്റിന് അപേക്ഷിക്കാൻ ‘വൈദ്യുതീകരിക്കാത്ത വീട്‌’ എന്ന സാക്ഷ്യപത്രത്തിനുവേണ്ടിയാണ് ഇരിവേരി പുലിദേവ ക്ഷേത്രത്തിന് സമീപത്തെ ഷീല, പെരളശേരി കെഎസ്ഇബി സെക്ഷനിലെത്തിയത്. ലൈഫ് ഭവനപദ്ധതിയിൽ രണ്ടു വർഷം മുമ്പാണ് ഷീല വീട് പണിതത്. വൈദ്യുതി കണക്ഷൻ കിട്ടിയില്ലേയെന്ന അസിസ്റ്റന്റ്‌ എൻജിനിയർ സി ഷാജിയുടെ ചോദ്യമാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. വയറിങ് നടത്താനും മറ്റും പണമില്ലാത്തതിനാൽ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലായിരുന്നു ജീവിതം. സമ്പൂർണ വൈദ്യുതീകരണം നടന്നെങ്കിലും ഷീല ഇതുവരെ വൈദ്യുതി കണക്ഷന് അപേക്ഷിച്ചിരുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷീല ഓഫീസിലെത്തിയത്. വീട്ടിലെത്തി കാര്യങ്ങൾ മനസ്സിലാക്കിയ ജീവനക്കാർ വൈദ്യുതിയെത്തിക്കുന്നതിനുള്ള നടപടി നീക്കുകയായിരുന്നു. അസി. എൻജിനിയർ ഷാജി, സബ്എൻജിനീയർ ആദിത്യൻ, കെ പി രമേശൻ, കെ വി ഷൈജു തുടങ്ങിയവരുടെ നേതൃത്വത്തിൽ സെക്ഷനിലെ ജീവനക്കാർ ആവശ്യമായ സാധങ്ങൾ വാങ്ങിയാണ് വയറിങ് നടത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ വൈദ്യുതി കണക്ഷൻ നൽകാനും ജീവനക്കാരുടെ ഒത്തൊരുമയിൽ സാധ്യമായി. ചൊവ്വാഴ്ച വൈകിട്ട് ചെമ്പിലോട് പഞ്ചായത്തംഗം ടി കെ ഗോവിന്ദന്റെ അധ്യക്ഷതയിൽ അസി. എൻജിനിയർ സി ഷാജി സ്വിച്ചോൺ നിർവഹിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!