ബെവ്കോയില്‍ പ്ലാസ്റ്റിക് കുപ്പി തിരിച്ചെടുക്കല്‍ പദ്ധതി ഇന്നാരംഭിക്കും; 20 രൂപ അധികം ഈടാക്കും

ബെവ്കോ ഔട്ട്‌ലെറ്റുകളില്‍ പ്ലാസ്റ്റിക് കുപ്പി തിരിച്ചെടുക്കുന്നതിനുള്ള പദ്ധതി ഇന്ന് ആരംഭിക്കും.
തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഷോപ്പുകളിലാണ് തുടക്കത്തില്‍ പദ്ധതി ആരംഭിക്കുന്നത്. അടുത്ത വർഷം ജനുവരി ഒന്നോടെ സംസ്ഥാന വ്യാപകമാക്കാനാണ് നീക്കമെന്ന് സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ എം.ഡി. ഹർഷിത അട്ടല്ലൂരി പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് അധികമായി 20 രൂപ ഡിപ്പോസിറ്റായി വാങ്ങും. മദ്യം വാങ്ങുന്ന ഷോപ്പുകളില്‍ കുപ്പി നല്‍കുമ്ബോള്‍ 20 രൂപ തിരികെ ലഭിക്കും. ക്ലീൻ കേരള മിഷനുമായി ചേർന്നുള്ളതാണ് പദ്ധതി. ഷോപ്പുകളില്‍ ഇതിനായി പ്രത്യേക കൗണ്ടർ തുറക്കും. ഇതിന്‍റെ പ്രവർത്തനങ്ങള്‍ക്കായി കുടുംബശ്രീയുടെ സഹായം തേടിയിട്ടുണ്ട്. വിജയിക്കുന്ന മുറയ്ക്ക് മറ്റ് ഷോപ്പുകളിലും പദ്ധതി നടപ്പാക്കും. ആഴ്ചയില്‍ മൂന്ന് തവണ ക്ലീൻ കേരള കമ്ബനി കുപ്പികള്‍ ശേഖരിക്കും. സി-ഡിറ്റ് തയ്യാറാക്കുന്ന ലേബല്‍ കുപ്പിയില്‍ പതിച്ചിരിക്കും. ഒക്ടോബർ ഒന്നു മുതല്‍ ബെവ്കോ ഔട്ട്‌ലെറ്റുകളില്‍ മദ്യക്കുപ്പികള്‍ പായ്ക്ക് ചെയ്യാൻ ന്യൂസ് പേപ്പർ കിട്ടില്ലെന്നും എം.ഡി അറിയിച്ചു. ആവശ്യക്കാർക്ക് ബാഗ് കൊണ്ടുവരാം. അല്ലെങ്കില്‍ ബെവ്കോയില്‍നിന്ന് 15, 20 രൂപ നിരക്കില്‍ ക്യാരിബാഗ് ലഭിക്കും. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ ബെവ്കോയുടെ വെബ്സൈറ്റും ആപ്പും സജ്ജമാകും.