യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…. സ്ലാബിനുള്ളിൽ കാൽ കുരുങ്ങാതെ നോക്കണേ

ഇരിട്ടി താലൂക്ക് ജോയിന്റ് ആർടി ഓഫീസിലേക്കുള്ള നടവഴിയിലെ കോൺക്രീറ്റ് സ്ലാബ് തകർന്നനിലയിൽ
ഇരിട്ടി : താലൂക്ക് ജോയിന്റ് ആർടി ഓഫീസിലേക്കുള്ള വഴിയിലെ തകർന്ന കോൺക്രീറ്റ് സ്ലാബ് പൊതുജനങ്ങൾക്ക് അപകടക്കെണിയാകുന്നു. ഇരിട്ടി നേരമ്പോക്ക് റോഡിൽ ഫാൽക്കൺ പ്ലാസയുടെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജോയിന്റ് ആർടി ഓഫീസിലേക്ക് പോകുന്ന വഴിയിലാണ് തകർന്ന സ്ലാബ് ഭീഷണി ഉയർത്തുന്നത്. ഓഫീസിലേക്കുള്ള നടവഴിയിൽ ശ്രദ്ധ അല്പമൊന്ന് മാറിയാൽ പൊട്ടിയ സ്ലാബിനുള്ളിൽ കാൽ കുടുങ്ങി അപകടത്തിനുള്ള സാധ്യത ഏറെയാണ്. നിരവധിപേർ എത്തുന്ന ഈ ഓഫീസിനുമുന്നിലെ തകർന്ന സ്ലാബ് മാറ്റാനുള്ള ഒരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് പോകുന്നതും ഇതുവഴിതന്നെയാണ്. സ്കൂൾ കുട്ടികളും ഇതിലൂടെ നടന്നുപോകുന്നുണ്ട്. നഗരസഭാ പ്രദേശത്തെ വളരെ പഴക്കംചെന്ന പൊതുവഴികളിലൊന്നാണിത്. നേരംപോക്ക് റോഡിൽനിന്ന് എളുപ്പത്തിൽ പട്ടികവർഗ വികസന വകുപ്പിന്റെ ഹോസ്റ്റലിലേക്കുള്ള വഴി എന്നനിലയിലും നേരത്തെ ഉണ്ടായിരുന്ന ന്യൂ ഇന്ത്യ ടാക്സിലേക്ക് എളുപ്പത്തിൽ എത്താവുന്ന വഴി എന്നനിലയിലും ഏറെപേർ ഉപയോഗിക്കുന്നതാണിത്. കാലപ്പഴക്കത്താലാണ് സ്ലാബുകൾ പൊട്ടിയിരിക്കുന്നത്. പുതിയ സ്ലാബ് സ്ഥാപിച്ച് ഇതുവഴി പോകുന്നവർക്ക് സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.