മരിച്ചവരെപ്പോലും ജാമ്യക്കാരാക്കി; സഹകരണ സംഘത്തിൽ വ്യാജ അക്കൗണ്ടുകൾ വഴി കോടികൾ തട്ടി

കണ്ണൂര്‍: സി.പി.എം നിയന്ത്രണത്തിലുള്ള കണ്ണൂർ സിറ്റി ആയിക്കര മത്സ്യ തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിൽ നടന്നത് വൻ സാമ്പത്തിക തട്ടിപ്പ്. സേവിങ് അക്കൗണ്ടുകൾ വ്യാജമായി സൃഷ്ടിച്ച് 20 വർഷം മുമ്പ് മരിച്ചവരെപ്പോലും ജാമ്യക്കാരാക്കി കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയതായി ഫിഷറീസ് അസി. രജിസ്ട്രാർ പി.ജി. സന്തോഷ് കുമാർ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വർഷങ്ങളായി നടന്ന കൊള്ളയാണ് പുറത്തായത്. സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും ചേര്‍ന്നുള്ള സംഘടിത കൊള്ളയാണ് നടന്നതെന്ന് ഫിഷറീസ് വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ആയിക്കരയിലെ രണ്ടായിരത്തോളം വരുന്ന തൊഴിലാളികള്‍ സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. ഇവരിപ്പോള്‍ ചികിത്സക്കുപോലും പണമില്ലാതെ വലയുകയാണ്. ഇവരില്‍ പലരും സി.പി.എം അനുഭാവികളോ കുടുംബങ്ങളില്‍ ഉള്‍പ്പെട്ടവരോ ആണ്.സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതി അംഗങ്ങള്‍ക്കെതിരെ പേരിനൊരു കേസ് എടുത്തതല്ലാതെ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്ന് പറഞ്ഞ് പണം നിക്ഷേപിച്ചവര്‍ രംഗത്തുവന്നിട്ടുണ്ട്. വ്യാജമായി സൃഷ്ടിച്ച ചില സേവിങ്സ് അക്കൗണ്ടുകള്‍ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഇവിടെ നടന്നത്.
സംഘത്തില്‍ ലഭിച്ചിരുന്ന പണം പുറത്തേക്ക് കടത്താനായി സേവിങ്സ് അക്കൗണ്ടുകള്‍ ഉപയോഗിക്കുകയാണ് ചെയ്തത്. സംഘത്തില്‍ വലിയ തുകകള്‍ സ്ഥിര നിക്ഷേപമായി ലഭിച്ചിരുന്ന ദിവസങ്ങളില്‍ മേല്‍ തുകകള്‍ അക്കൗണ്ട് ഉടമകള്‍ അറിയാതെ പിന്‍വലിക്കുകയാണ് ചെയ്തത്. സെക്രട്ടറിയായിരുന്ന സുനിതയെ സസ്പെന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ വരെ ഇത്തരം ഇടപാടുകള്‍ നടന്നിരുന്നു. സഹകരണ സംഘം ഭാരവാഹികളുടെ പേരിലും സംഘത്തില്‍ ജീവനക്കാരായിരുന്നവരുടെ പേരിലുമെല്ലാം സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. സംഘം സെക്രട്ടറിയായിരുന്ന സുനിതയുടെ മകളുടെ പേരില്‍ പോലും സേവിങ്സ് അക്കൗണ്ടുകള്‍ തുടങ്ങുകയും നിയമവിരുദ്ധമായി ഇടപാടുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ആയിക്കരയിലെ സിറാജിന്റെ പേരിലുള്ള എസ്.ബി.ഐ അക്കൗണ്ട് വഴി ഒരുകോടി 70 ലക്ഷം രൂപയുടെയും അജീന എന്ന വ്യക്തിയുടെ സേവിങ്സ് അക്കൗണ്ടിലൂടെ ഒരുകോടി 30 ലക്ഷം രൂപയുടെയും ഇടപാടുകള്‍ നടന്നതായി സംഘം രേഖകളില്‍ ഉണ്ടെങ്കിലും ഇത് തങ്ങളുടെ അറിവോടെ അല്ല എന്ന് ഇരുവരും മൊഴി നല്‍കിയിട്ടുണ്ട്. സംഘത്തിൽ 76 ഗുണഭോക്താക്കൾക്കായി 2.96 കോടി രൂപ പ്രവർത്തന മൂലധനമായി വായ്പ നൽകിയതായി രേഖയുണ്ടാക്കിയെങ്കിലും ഇതിൽ 62 വായ്പകളും വ്യാജമാണെന്നും നേരത്തെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തങ്ങൾ വായ്പയെടുത്തിട്ടില്ലെന്ന് ഇവരും അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. 14 വായ്പകൾ മാത്രമാണ് യഥാർഥത്തിൽ സംഘം നൽകിയിട്ടുള്ളതെന്നും തെളിഞ്ഞിട്ടുണ്ട്.
ഫണ്ട് തിരിമറിക്കായാണ് വ്യാജ വായ്പ രേഖപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. 2.50 കോടി ഇത്തരത്തിൽ തട്ടിയിട്ടുണ്ട്. 2011 ജൂൺ മുതൽ 2025 മാർച്ച് വരെയുള്ള കണക്കാണിത്. കൂടാതെ 214 ഗുണഭോക്താക്കൾക്കായി 68 ലക്ഷം രൂപ ഹ്രസ്വകാല വായ്പ നൽകിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. 2012 മുതലുള്ള കണക്കാണിത്. ഇതിൽ 53 വായ്പകൾ ആർക്കും നൽകിയിട്ടില്ലെന്നും വ്യാജമായി സൃഷ്ടിച്ചതാണെന്നും കണ്ടെത്തി. സംഘത്തിലെ ഫണ്ടും സ്ഥിര നിക്ഷേപവും തിരിമറി നടത്താനാണ് ഇത് ചെയ്തിട്ടുള്ളത്. 53 പേർക്ക് വായ്പ നൽകിയതായി വ്യാജ രേഖയുണ്ടാക്കിയതോടെ 18 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വായ്പ തിരിച്ചടക്കാത്തവരുടെ പേരിൽ നിയമ നടപടി സ്വീകരിക്കണമെന്ന് പല തവണ ഓഡിറ്റ് നിർദേശമുണ്ടായിട്ടും വായ്പകൾ വ്യാജമായതിനാൽ നടപടിയെടുക്കാനും കഴിഞ്ഞിരുന്നില്ല. തട്ടിപ്പിനിരയായ 25 പേരിൽനിന്നാണ് സംഘം മൊഴിയെടുത്തിരുന്നത്. സംഘത്തില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് ഫിഷറീസ് അസി. രജിസ്ട്രാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പൂര്‍ണമായും ഭരണസമിതിക്ക് എതിരാണ്.